തിരുവനന്തപുരം കണിയാപുരത്ത് ലഹരി കടത്തിയ ഡോക്ടറും ഐ ടി ഉദ്യോഗസ്ഥനും ഉൾപ്പെടെ ഏഴംഗ സംഘം പിടിയിൽ. ഇവരിൽ നിന്ന് എം ഡി എം എയും ഹൈബ്രിഡ് കഞ്ചാവും ഉൾപ്പെടെ പിടിച്ചു. കാർ പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം രക്ഷപ്പെട്ട പ്രതികളെ വീട് വളഞ്ഞാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
ഡോക്ടറും ഐടി പ്രഫഷണലും BDS വിദ്യാർഥിനിയും ഉൾപ്പെടെ ഏഴംഗ സംഘമാണ് പുതുവർഷ ലഹരി വേട്ടയിൽ കുടുങ്ങിയത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോ വിഗ്നേഷ് ദത്തൻ, BDS വിദ്യാർഥിനി ഹലീന , ഐടി ഉദ്യോഗസ്ഥനായ അവിനാഷ് എന്നിവരാണ് ഡാൻസഫിന്‍റെ പിടിയിലായത്. നെടുമങ്ങാട് സ്വദേശി അസിം, തൊളിക്കോട് സ്വദേശി അജിത്ത് , പാലോട് സ്വദേശിനി അൻസിയ, കൊല്ലം ഇളമാട് സ്വദേശി ഹരീഷ് എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇതിൽ അസിം, അജിത്ത്, അൻസിയ എന്നിവർ നിരവധി ലഹരി കേസുകളിൽ പ്രതികളാണ്. ഇവരാണ് ബെംഗളൂരുവിൽ നിന്നും എംഡിഎംഎ ഉൾപ്പെടെ ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടു വന്ന് ഡോക്ടർമാർക്കും വിദ്യാർഥികൾക്കും വിതരണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
അസിമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസ് ജീപ്പിൽ കാറിടിച്ച ശേഷം സംഘം കടന്നു കളയുകയായിരുന്നു. തുടർന്ന് കണിയാപുരം തോപ്പിൽ ഭാഗത്ത് വാടക വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്. MDMA യും ഹൈബ്രിഡ് കഞ്ചാവും സാധാരണ കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളുo കണ്ടെടുത്തിട്ടുണ്ട്. റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ലഹരി വേട്ട. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.