ഇന്നലെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത് വലിയ സംഘര്‍ഷത്തിനായിരുന്നു. ആശാപ്രവര്‍ത്തകരും പൊലീസും തമ്മില്‍ തെരുവുയുദ്ധം. മാസങ്ങളായി സമരമുഖത്തുള്ള ആശാപ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയതെങ്ങനെയാണ് ? സമരക്കാരുടെ ക്ലിഫ് ഹൗസിലേക്കുള്ള മാർച്ചിൽ സംഘർഷം പൊടുന്നനെ പൊട്ടിപ്പുറപ്പെടുകയായിരുന്നില്ല. ശബരിമല ദർശനം കഴിഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു ക്ലിഫ് ഹൗസിന് മീറ്ററുകൾ മാത്രം അകലെയുള്ള രാജ് ഭവനിലേക്ക് എത്തും മുൻപ് സമരം അവസാനിപ്പിക്കാനായിരുന്നു പൊലീസ് ശ്രമം.
കോഴിക്കോട് താമരശേരി സമരം സംഘര്‍ഷത്തിലെത്തിയതെങ്ങനെ ? നാട്ടുകാരുടെ സമരം താമരശേരി അമ്പായത്തോടിന് സമീപം ഫ്രഷ്കട്ട് എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ പ്ലാന്റിനെതിരെയായിരുന്നു. പ്ലാന്റ് അടച്ചു പൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രാപ്പകല്‍ സമരം ആരംഭിക്കുന്നു. പൊടുന്നനെ സമരത്തിന്റെ സ്വഭാവം മാറുന്നു. പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നു. പ്ലാന്റിന് തീയിടുന്നു. വന്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിയതെങ്ങനെ ?
കോഴിക്കോട് പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ ഇന്നും പുറത്തുവന്നു പുതിയ തെളിവുകള്‍. പേരാമ്പ്രയില്‍ നടന്ന രാഷ്ട്രീയസംഘര്‍ഷത്തിനു മാനങ്ങള്‍ പലതായിരുന്നു. എങ്ങനെയാണ് പെട്ടെന്നൊരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. അന്ന് പരുക്കേറ്റ എം.പി. ഷാഫി പറമ്പില്‍ ഇന്ന് പുറത്തുവിട്ട ദൃശ്യങ്ങള്‍ പുതിയ ചോദ്യങ്ങളുയര്‍ത്തുന്നു. സംഘര്‍ഷം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന്എം പി ആരോപിക്കുന്നു. മൂന്നുസംഘര്‍ഷങ്ങള്‍. മുന്നു സ്വഭാവത്തിലുള്ളത്. മൂന്നും മൂന്ന് ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ളത്. കേവലമൊരു ഏറ്റുമുട്ടലോ ആക്രമണോ അല്ല മൂന്നിടത്തും നടന്നത്. ഒരാളല്ല, ഒരുപാടാളുകള്‍ പങ്കെടുക്കുന്ന സമരങ്ങള്‍, പ്രതിഷേധങ്ങള്‍. അവയുടെ അതിരെന്ത് ? അതിരുകടക്കാന്‍ അവരെ പ്രകോപിപ്പിക്കുന്നതാര് ? അത് ആസൂത്രിതമോ ?