കണ്ണൂരിലെ ചാക്കോച്ചൻ വധക്കേസിൽ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ഏഴു തവണ തലയ്ക്കടിച്ചുള്ള കൊലപാതകം അതിക്രൂരമെന്ന് കണ്ടെത്തിയത്. ശനിയാഴ്ച ശിക്ഷ വിധിക്കും.
2013 ജൂലായ് ആറിന് പുലർച്ചെയാണ് വീടിനടുത്ത റോഡരികിൽ ചാക്കോച്ചൻ്റെ മൃതദേഹം കാണപ്പെട്ടത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേർന്ന് കുഞ്ഞു മോനെ അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് കേസ്. ചാക്കോച്ചൻന്റെ വസ്തു തൻ്റെ പേരിൽ എഴുതി നൽകണമെന്ന് റോസമ്മ ആവശ്യപ്പെട്ടായിരുന്നു തർക്കം. മകന് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൊലക്ക് ശേഷം വീട്ടിൽ നിന്ന് 30 മീറ്ററോളം വലിച്ചും തള്ളിനീക്കിയുമാണ് റോസമ്മ മൃതദേഹം റോഡിൽ കൊണ്ടിട്ടത്. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റാറിൽ സെയിൽസ്മാനായിരുന്നു ചാക്കോച്ചൻ.
തളിപ്പറമ്പിൽ അഡീ. സെഷൻസ് കോടതി പ്രവർത്തനമാരംഭിച്ചതിന് ശേഷം വിധി പറയുന്ന ആദ്യത്തെ കൊലക്കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. നിത്യരോഗിയാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമാണ് റോസമ്മ വാദിച്ചത്. ശാരീരിക അവശതയും പ്രായാധിക്യവും വസ്‌തുതയാണെങ്കിലും അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഏഴ് തവണ ഇരുമ്പു പൈപ്പ് കൊണ്ട് തലയോട്ടി അടിച്ച് തകർത്തതിനാൽ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.