കേരളം കാത്തിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ തിങ്കളാഴ്ച വരാനിരിക്കുന്ന വിധി കേള്‍ക്കാന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്നാണ് കേസ്.
നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പ്രതികളാണ് വിചാരണ നേരിട്ടത്. പള്‍സര്‍ സുനി എന്ന എന്‍.എസ്.സുനില്‍ കുമാര്‍ ഒന്നാംപ്രതിയായ കേസില്‍ ദിലീപ് എട്ടാംപ്രതിയാണ്. സുനിയെക്കാള്‍ ദിലീപിന്‍റെ കാര്യത്തില്‍ കോടതി എന്തുപറയുമെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പൊതുജനങ്ങളുമെല്ലാം കാത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്.
നിയമജ്ഞരും കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥരും നിരീക്ഷകരുമെല്ലാം പലതട്ടിലാണ്. ചിലര്‍ ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ബുദ്ധിമുട്ടിയെന്ന് പറയുമ്പോള്‍ മറ്റുചിലര്‍ ഗൂഢാലോചന തെളിഞ്ഞാല്‍ കടുത്ത ശിക്ഷ കിട്ടാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. കോടതി വിധി എന്താകും എന്ന പ്രവചനം അസാധ്യമാണ്. പക്ഷേ തീരുമാനം എന്താകുമെന്നറിയാനുള്ള ആകാംക്ഷ ഓരോ മണിക്കൂറിലും വര്‍ധിക്കുകയാണ്.
അതിനിടെ ദിലീപ് ഇനി ജയിലില്‍ പോകാന്‍ സാധ്യത കുറവാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ ജ്യോതിഷിയുടെ വിഡിയോ വൈറലായി. ദിലീപിന്‍റെ ഗ്രഹനില പ്രകാരം കടുത്ത ശത്രുദോഷമുള്ള കാലമാണെന്നാണ് ജ്യോതിഷി മോഹന്‍ദാസ് വിഡിയോയില്‍ പറയുന്നത്.
‘എട്ടില്‍ കേതു’വാണ് താരത്തിന്. ജയിലില്‍ കിടക്കാന്‍ യോഗമുണ്ടെന്നും മോഹന്‍ദാസ് പറയുന്നു. എന്നാല്‍ വിചാരണസമയത്ത് ജയിലില്‍ കിടന്നതിനാല്‍ ഇനി അതിനുള്ള സാധ്യതയില്ലെന്നാണ് പ്രവചനസിംഹത്തിന്‍റെ വാദം. ദിലീപിന് ശത്രുവുണ്ടെന്നും അതിന്‍റെ ഫലമാണ് ഇപ്പോഴത്തെ അനുഭവങ്ങളെന്നും മോഹന്‍ദാസ് പറയുന്നു. സിനിമയിലും വ്യക്തിപരമായും ദിലീപിന്‍റെ ഭാവിക്ക് ഡിസംബർ എട്ടിലെ വിധി നിര്‍ണായകമാണ്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവൈരാഗ്യം മൂലം ഒന്നാം പ്രതിയായ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ദിലീപാണെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാല്‍ ഇത് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടോ എന്ന് തിങ്കളാഴ്ച അറിയാം.