കണ്ണൂര്‍ ചെറുപുഴയില്‍ പുഴവെള്ളത്തില്‍ രാസവസ്തുക്കള്‍ കലക്കി മീന്‍പിടുത്തം വ്യാപകമാകുന്നുവെന്ന് പരാതി. ഇതരസംസ്ഥാനത്തുനിന്നുള്ള സംഘമാണ് പുഴയില്‍ വിഷം കലക്കി മീന്‍പിടിക്കുന്നത് എന്നാണ് ആരോപണം. ഇങ്ങനെ പിടിയ്ക്കുന്ന മീനുകള്‍ പ്രദേശത്ത് വില്‍പന നടത്തുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു.
പുഴകളില്‍ നീരൊഴുക്ക് പൊതുവെ കുറഞ്ഞിരിക്കുകയാണ്. മലയോര ഗ്രാമമായ ചെറുപുഴയിലെ കര്യങ്കോട് പുഴയിലാണ് വിഷം കലക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഒരാഴ്ചയായി ഇങ്ങനെ പിടിക്കുന്ന മല്‍സ്യങ്ങള്‍ ചെറുപുഴ, പുളിങ്ങോം പ്രദേശത്ത് വില്‍ക്കുന്നുവെന്നാണ് ആക്ഷേപം.
നീരൊഴുക്ക് കുറഞ്ഞ പുഴയില്‍ രാസപദാര്‍ഥം ചേര്‍ത്താല്‍ മീനുകള്‍ ജീവനുവേണ്ടി പിടഞ്ഞ് വെള്ളത്തിന്‍റെ ഉപരിതലത്തിലേക്ക് പൊങ്ങിവരും. ഇവയെ പിടിച്ചാണ് കച്ചവടം നടത്തുന്നതെന്നാണ് പരാതി. മീന്‍ കച്ചവടം നാട്ടുകാര്‍ തടഞ്ഞ് ചോദ്യം ചെയ്യുന്ന നിലയിലെത്തി.
എന്നാല്‍, വലയിട്ട് മീന്‍പിടിക്കുന്നുവെന്നാണ് സംഘത്തിന്‍റെ വാദം. പഞ്ചായത്തിനെയും പൊലീസിനെയും അറിയിച്ചിട്ടും ഇടപെടലുണ്ടാകുന്നില്ലെന്നും വിമര്‍ശനമുണ്ട്. മീന്‍ കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്കയും പരക്കുന്നുണ്ട്.