രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ പരാതിക്കാരിയും മൊഴി നല്‍കും. 23 കാരിയാണ് ക്രൈംബ്രാഞ്ചിന് മറുപടി നല്‍കിയത്. ബലാല്‍സംഗമെന്നാണ് പരാതി . രണ്ടുമാസം മുമ്പ് ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയെ ബന്ധപ്പെടുകയും പരാതി കേൾക്കുകയും ചെയ്തിരുന്നു. അന്ന് നിയമപരമായി പരാതിയായിട്ട് പോകാൻ താല്‍പര്യമില്ല എന്ന് അറിയിച്ചതോടെയാണ് കേസെടുക്കാതിരുന്നത്.
പരാതി നല്‍കിയ ഇ മെയില്‍ വിലാസത്തിലേക്ക് മൊഴിയെടുക്കാനുള്ള സമയം ചോദിച്ച് പൊലീസ് മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴി നല്‍കാന്‍ യുവതി സന്നദ്ധത അറിയിച്ചത്. രാഹുലിനെതിരെ രേഖാമൂലം പൊലീസിനു പരാതി നല്‍കുകയും ചെയ്യും. അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ വിവാഹവാഗ്ദാനം നല്‍കി ഹോംസ്‌റ്റേയില്‍ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബലാത്സംഗം ചെയ്ത ശേഷം വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ അറിയിച്ചുവെന്നും യുവതി കെപിസിസി പ്രസിഡന്റിന് കഴിഞ്ഞ ദിവസം അയച്ച പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം, യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കി നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന പരാതിയില്‍ പ്രഥമദൃഷ്ടാ കുറ്റക്കാരനെന്ന് കണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്കിയ ഡിജിറ്റല്‍, മെഡിക്കല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുമായുള്ളത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന രാഹുലിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.