ഗാസയെ ചോരക്കളമാക്കിയ ഇസ്രയേല്‍–ഹമാസ് യുദ്ധത്തിലേക്ക് നയിച്ച, 2023 ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് ഇന്ന് രണ്ടാണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഗാസ ചോരക്കളമാണ്. യുദ്ധം, പലായനം, പട്ടിണി, മരണങ്ങള്‍ എല്ലാം പതിവുകാഴ്ചകള്‍. ഗാസയിലെ മനുഷ്യക്കുരുതിക്ക് ഉടന്‍ അറുതിവരുമെന്ന പ്രതീക്ഷയിലാണ് ലോകം. സമാധാനം എപ്പോള്‍ എന്നുമാത്രമാണ് ലോകത്തിന്റെ ചോദ്യം. ആ സമാധാനം അരികിലാണെന്നതുമാത്രമാണ് രണ്ടാം വാര്‍ഷികദിനത്തിലെ ഏക ആശ്വാസം. യുദ്ധത്തിന്‍റെ ആകെത്തുക മരണവും മരവിപ്പും പട്ടിണിയും പലായനവുമൊക്കെയാണ്. ബന്ദികളുടെ മോചനവും ഇസ്രയേലിന്റെ സൈനിക പിന്‍മാറ്റവും ഉടനുണ്ടായാലും ഗാസ പുനരുദ്ധരിക്കപ്പെടാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. അപ്പോഴും ഉണങ്ങാത്ത മുറിവുപോലെ, ഉയരാത്ത നിലവിളി പോലെ പട്ടിണിയാലും ക്രൂരതയാലും കൊല്ലപ്പെട്ട കുരുന്നുകളുടെ മരവിപ്പ് ഈ ഭൂമിയില്‍ തുടരും. മനുഷ്യനുള്ളിടത്തോളംകാലം.