TOPICS COVERED

ഒരു വലിയ ദുരന്തത്തിന്‍റെ രാവിനും അതിനുശേഷം കരച്ചിലിന്‍റെ ഒരു രാപകലിനും പിന്നിടുമ്പോള്‍ കരൂര്‍ വിങ്ങലടക്കിപ്പിടിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ ആൾകൂട്ട ദുരന്തത്തിൽ ഒരാള്‍കൂടി മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന 65 കാരി സുഗുണയാണ് ഒടുവിൽ മരണത്തിനു കീഴടങ്ങിയത്. ഗുരുതരമായി പരുക്കേറ്റ കരൂർ സ്വദേശി സുഗുണ കൂടി മരിച്ചതോടെ കരൂർ ദുരന്തത്തിൽ പൊലിഞ്ഞവരുടെ എണ്ണം 41 ആയി. നിലവിൽ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 പേരും സ്വകാര്യ ആശുപത്രികളിൽ 39 പേരും ചികിൽസയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ് ഇപ്പോഴും.  തമിഴ്നാട്ടുകാരി കൂടിയായ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഇന്ന് സ്ഥലത്തെത്തി.  കരൂരിലെത്തിയത് രാവിലെ 11 മണിയോടെ. ആദ്യം ദുരന്തഭൂമി സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായും ദൃക്സാക്ഷികളുമായും സംസാരിച്ചു. ആൾക്കൂട്ടം മരിച്ചു വീണ ഇടങ്ങൾ നടന്നു കണ്ടു. ശേഷം ദുരന്തത്തിൽ പരുക്കേറ്റ 49 പേർ ചികിത്സയിൽ കഴിയുന്ന കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി.

ഇതിനിടെ ജുഡീഷ്യൽ കമ്മിഷൻ രാവിലെ ആറു മണിയോടെ തന്നെ കരൂരിൽ എത്തി ദുരന്ത ഭൂമി പരിശോധിച്ചു. ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. സമീപത്തെ വീടുകളിലെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ദുരന്ത ദിനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ASP പ്രേമാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട്‌ സമർപ്പിക്കാനാണ് പൊലീസിനു സർക്കാർ നിർദേശം നൽകിയത്.  ദുരന്തഭൂമി ബാക്കിവച്ച അനവധി സങ്കടക്കഥകളുണ്ട് ഇന്ന് കരൂരിന്. ആൾക്കൂട്ട ദുരന്തത്തിൽ ശിവശക്തിനഗറിലെ ആനന്ദജ്യോതിക്ക് നഷ്ടമായത് തന്റെ മനോഹരമായ ജീവിതമാണ്. വിജയ്​യെ ജീവനോളം സ്നേഹിച്ച തന്റെ രണ്ടു പെൺമക്കൾക്കും ഭാര്യക്കുമൊപ്പം പോയ ആനന്ദജ്യോതി മടങ്ങി വന്നത് മൂവരുടെയും മൃതദേഹങ്ങളുമായാണ്. TVKയുടെ പരിപാടിക്കിടെ കുടുംബം പകർത്തിയ സെൽഫി ഒരു നൊമ്പരമായി അവശേഷിക്കുന്നു. സ്ക്രീനിൽ വിജയ് യെ കാണുമ്പോൾ വിജയ് മാമ എന്നുറക്കെ വിളിക്കുന്ന നാലു വയസുകാരി കുഞ്ഞ്, സായി ജീവക്കും സഹോദരി സായി ലക്ഷ്ണക്കും വിജയ് യെ നേരിട്ട് കാണണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. സ്വപ്ന നായകൻ കരൂരിലെത്തുമെന്നറിഞ്ഞപ്പോൾ ശനിയാഴ്ച രാവിലെ തന്നെ അഛൻ ആനന്ദജ്യോതിക്കും അമ്മ ഹേമലതക്കുമൊപ്പം രണ്ടു പേരുമിറങ്ങി, ദുരന്തത്തിൽ പിന്നീട് ബാക്കിയായത് അച്ഛൻ മാത്രം.

വിജയ് യുടെ വാഹനം നിന്ന ഭാഗത്തോട് ചേർന്നാണ് മൂവരും അപകടത്തിൽ പെട്ടത്. അവസാന നിമിഷം വരെ ഹേമലത കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചെങ്കിലും കൈവിട്ടുപോയി. മരണക്കയത്തിൽ പെട്ടു പോയി.  ആൾകൂട്ടത്തിനു നടുവിലായത് കൊണ്ട് കുടുംബത്തിനു മാറാനായില്ല. ആശുപത്രിയിലെത്തുന്നതിനു മുന്നേ മരണം സംഭവിച്ചിരുന്നു. മൂവരുടെയും മൃതദേഹം കരൂരിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.  ദുരന്തത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ട പിതാവ് ആനന്ദജ്യോതി ഇന്ന് തനിച്ചാണ്. വീടിനകത്തെ കുട്ടികളുടെ ചിത്രങ്ങളിൽ നോക്കി വിധിയെ പഴിച്ച് അദ്ദേഹം കഴിയുന്നുണ്ട്. 

കരൂർ ദുരന്തം നടന്ന അന്ന് രാത്രി നീലാങ്കരയിലെ വീട്ടിൽ കയറിയതായിരുന്നു വിജയ്. പിന്നീട് പുറത്ത് ഇറങ്ങുന്നത് ഇന്നാണ്. മാധ്യമങ്ങൾക്ക് അടക്കം ഒരു സൂചനയും നൽകാതെ ആയിരുന്നു നീക്കം. പട്ടിണപാക്കത്തെ ഫ്ലാറ്റിലേക്ക് ആണ് വിജയ് എത്തിയത്. ഇവിടെ വച്ച് നിയമ വിദഗ്ദരുമായി ഓൺലൈൻ യോഗം ചേര്‍ന്നുവെന്ന റിപ്പോർട്ടുണ്ട്. കരൂരിലേക്ക് പോകാൻ  വിജയ് അനുമതി തേടിയെങ്കിലും പോലീസ് നിഷേധിച്ചു. സുരക്ഷ കാരണങ്ങൾ കാണിച്ച് ആണ് നടപടി. എന്നാല് TVK യുടെ തിരഞ്ഞെടുപ്പ് വിഭാഗം ജനറൽ സെക്രട്ടറി ആദവ് അർജുന ജീവൻ നഷ്ടമായവരുടെ വീട് സന്ദർശിക്കാൻ  നീക്കം നടത്തുന്നുണ്ട്. ഇതിനായി സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും എന്നാണ് റിപ്പോർട്ട്. അതിനിടെ ദുരന്തത്തെ കുറിച്ച് ആദവിൻ്റെ ആദ്യ പ്രതികരണം സമൂഹമാധ്യമത്തിലൂടെ  പുറത്ത് വന്നു. മരണങ്ങൾ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നു വെന്ന് ആണ് പ്രതികരണം.  TVK ജനറൽ സെക്രട്ടറി എൻ. ആനന്ദ് അടക്കമുള്ളവർക്ക് പോലീസ് സമൻസ് അയചെക്കേക്കുമെന്ന് സൂചനയുണ്ട്. ആനന്ദ് ഉൾപ്പെടെ ഉള്ള 4 പേർക്ക് എതിരെ കരൂർ പോലീസ് കേസ് എടുത്തിരുന്നു. അതിനിടെ വിജയിയെ  രാഹുല്‍ ഗാന്ധിഫോണില്‍ വിളിച്ചു. കരൂര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായും രാഹുൽ സംസാരിച്ചു.

വൈകീട്ടോടെ കരൂർ സന്ദർശിക്കാൻ അനുമതി തേടി വിജയ് ഹൈക്കോടതിയെ സമീപിച്ച വാര്‍ത്ത പുറത്തുവന്നു. പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നിൽക്കരുതെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെടുന്നു. മാത്രമല്ല  സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാൻ ഉത്തരവ് ഉണ്ടാകണം എന്നും ടിവികെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കരൂരിലെ സംഭവത്തിന്‌ പിന്നിൽ സെന്തിൽ ബാലാജിയുടെ ആസൂത്രണം ഉണ്ടെന്ന് പേരെടുത്ത് പറഞ്ഞ് ടിവികെ ആരോപിച്ചു. അതേസമയം, പരിപാടി മനപ്പൂർവ്വം വൈകിപ്പിച്ചു എന്നും  വിജയ് എത്താൻ വൈകിയത് ദുരന്തത്തിന് കാരണമായി എന്നുമാണ്  FIRൽ പരാമർശം.  കുടിവെള്ളമോ വൈദ്യ സഹായത്തിനുള്ള സംവിധാനമോ ഒരുക്കിയിരുന്നില്ല.  ടിവികെ നേതാക്കളോട്  പലതവണ പ്രശ്നങ്ങൾ പറഞ്ഞിട്ടും നടപടി ഉണ്ടായില്ല എന്നും FIRൽ പറയുന്നുണ്ട്.  ജുഡീഷ്യൽ കമ്മീഷൻ നീതിയുക്തമായ അന്വേഷണം നടത്തും എന്നും അപകടത്തിനുള്ള കാരണം കണ്ടെത്തും എന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. അതിനിടെ  കരൂരിലെ ആൾകൂട്ട ദുരന്തത്തിൽ ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കേസെടുത്തു. പരുക്കേറ്റവരെ  ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തന്നെ പത്തിലധികം പേര്‍ ആക്രമിച്ചെന്നാണ് പരാതി. ഇന്നലെ ജസ്റ്റിസ് ദണ്ഡപാണിയുടെ വീട്ടിൽ എത്തി TVK ഹർജി നൽകിയിരുന്നു. ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാല് ഇന്ന് തീരുമാനം മാറ്റി. അവധിക്കാല ബഞ്ച് ഇനി വെള്ളിയാഴ്ച ഹർജി പരിഗണിച്ചേക്കും. കരൂരിൽ പരിക്കേറ്റയാൾ വിജയ്‌യുടെ റാലി തടയണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയും ഇന്ന് പരിഗണിച്ചില്ല.  പ്രത്യേക സിറ്റിംഗ് റദ്ദാക്കിയതായി ജഡ്ജിമാർ അറിയിച്ചു.

ENGLISH SUMMARY:

Karur accident is a tragic event that has deeply affected the community. The incident involved a crowd surge during a political event, leading to numerous casualties and injuries, and now the community prepares to return to normal life.