രാജ്യത്തെ നടുക്കി ജമ്മു കശ്മീരില്‍ വീണ്ടും വിസ്ഫോടനം. ഇത്തവണ പ്രകൃതിയാണ് സുന്ദരഭൂമിയെ കണ്ണീരണിയിച്ചത്. മിന്നല്‍പ്രളയത്തില്‍ ഇല്ലാതായിരിക്കുന്നു കിഷ്ത്വാറിലെ ചഷോത്തി ഗ്രാമം. ഒട്ടേറെപ്പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ദുഷ്കരമെങ്കിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം. മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നല്‍പ്രളയവും. ഇരുന്നൂറിലധികംപേര്‍ ഒഴുക്കില്‍പ്പെട്ടു. മചൈല്‍ മാതാ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും. തീര്‍ഥാടകര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സമൂഹ അടുക്കളയും ചഷോത്തി ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ഗ്രാമം വരെയാണ് വാഹനസൗകര്യമുള്ളത്. ഇവിടെനിന്ന് കാല്‍നടയായി എട്ടര കിലോ മീറ്റര്‍ സഞ്ചരിച്ചാണ് മലമുകളിലെ ക്ഷേത്രത്തിലെത്തേണ്ടത്. ഈ പാതയടക്കണം പ്രളയത്തില്‍ മുങ്ങി. മലയടിവാരത്തുണ്ടായിരുന്ന ഒട്ടേറ വീടുകള്‍ ഒലിച്ചുപോയി.