‘ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷേ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു...’കോതമംഗലത്തെ ടി.സി.സി വിദ്യാര്‍ഥിനി ജീവിതം അവസാനിപ്പിക്കുംമുന്‍പ് എഴുതിയ കത്തിലെ ആദ്യവരികള്‍. റമീസ് എന്ന ആണ്‍സുഹൃത്ത് പ്രേമിച്ചതിനെപ്പറ്റി, വിവാഹ വാഗ്ദാനം നല്‍കിയതിനെപ്പറ്റി, റജിസ്റ്റര്‍ വിവാഹത്തിന് മുന്നോട്ടുവച്ച നിബന്ധനകള്‍, വീട്ടില്‍കൊണ്ടുപോയി നടത്തിയ ക്രൂരതകള്‍, മതംമാറ്റത്തിന് നിര്‍ബന്ധിച്ചതിനെപ്പറ്റി..... എല്ലാം ചുരുക്കി ഒരു വെള്ളക്കടലാസിന്‍റെ ഒരു പുറത്തു മാത്രമൊതുക്കിയെഴുതി അവള്‍ മടങ്ങി. അമ്മയോടും സഹോദരനോടും മാപ്പുപറഞ്ഞുള്ള ആ വിടവാങ്ങല്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അവള്‍ക്ക് എന്താണ് സംഭവിച്ചത്?

ശനിയാഴ്ചയാണ് ചെറിയൊരു കുറിപ്പെഴുതിവച്ച് 23കാരിയായ ആ പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചത്. അതിന് പിന്നാലെ ആണ്‍സുഹൃത്ത് റമീസിലേക്ക് വിരല്‍ചൂണ്ടുന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു. പ്രണയം ചതിക്കുഴിയായി മാറിയപ്പോള്‍ ആ പെണ്‍കുട്ടിക്ക് പിടിച്ചുനില്‍ക്കാനായില്ല. റമീസിന്‍റെ വീട്ടില്‍വച്ച് മകള്‍ ക്രൂരമര്‍ദനത്തിന് ഇരയായെന്ന് അമ്മ  മനോരമ ന്യൂസിനോട് പറഞ്ഞു. മതംമാറണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നും ആരോപണം.

സഹോദരിയെ റമീസ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചുവെന്ന് സഹോദരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.റമീസിന്റെ കുടുംബവും സഹോദരിയെ  മാനസികമായി പീഡിപ്പിച്ചിരുന്നു.പിതാവ് മരിച്ചതിനു തൊട്ടുപിന്നാലെയാണ് റമീസ്  വിവാഹാലോചനയുമായി വന്നത്.അതില്‍ തന്നെ പന്തികേട് തോന്നിയിരുന്നു.സഹോദരിയെ മതം മാറ്റാന്‍ റമീസ് നിരന്തരം നിര്‍ബന്ധിച്ചിരുന്നെന്നും സഹോദരന്‍റെ വെളിപ്പെടുത്തല്‍. അടിമാലി റജിസ്റ്റര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള തയാറെടുപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞാണ് റമീസ് തീരുമാനം മാറ്റിയത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ റമീസ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. .

പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ച് പറഞ്ഞതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. റമീസ് വിദ്യാര്‍ഥിയെ മുറിയില്‍  പൂട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നെന്ന്  സുഹൃത്ത് വെളിപ്പെടുത്തി.ഞായറാഴ്ച ദിവസം റമീസിന്‍റെ വീട്ടിലെത്തിച്ചായിരുന്നു മര്‍ദ്ദനം. മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ വിവാഹ ശേഷം മതം മാറാമെന്ന് പെണ്‍കുട്ടി  പറഞ്ഞു. വിവാഹത്തില്‍നിന്ന് അവസാനനിമിഷം റമീസ് പിന്‍മാറിയെന്നും സുഹൃത്ത് വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്ത കോതമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

ആത്മഹത്യക്കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്‍സുഹൃത്ത് റമീസിനെ കസ്റ്റഡിയിലെത്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റമീസിനെ അറസ്റ്റ് ചെയ്തത്. റമീസിന്‍റെ കുടുംബാംഗങ്ങളെയടക്കം പ്രതിചേര്‍ക്കുന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണങ്ങള്‍ക്കൊടുവില്‍ എല്ലാം കലങ്ങിത്തെളിയുമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പ്രതീക്ഷ ഫലവത്താകട്ടെ

ENGLISH SUMMARY:

Suicide case in Kerala involving a TCC student has triggered widespread concern. The tragic event highlights allegations of harassment and coercion related to religious conversion, leading to the arrest of the accused