ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമായുള്ള ആദ്യ ഡേറ്റിലെ ഓർമകൾ പങ്കുവെച്ച് പങ്കാളിയും ഗായകനുമായ നിക്ക് ജോനാസ്. പ്രിയങ്കയ്ക്ക് പെട്ടെന്നൊരു ‘വൈബ്’ തോന്നാതിരിക്കാന്‍ താന്‍ അതിനെ ഒരു ഗ്രൂപ്പ് ഡേറ്റ് ആക്കി മാറ്റിയതിനെക്കുറിച്ചും നിക്ക് പറഞ്ഞു. എന്നാല്‍ അവസാനം ആവേശകരമായ ‘ഫ്രഞ്ച് കിസ്സോ’ടെ തങ്ങള്‍ തമ്മിലുള്ള കരാര്‍ ഉറപ്പിച്ചെന്നും നിക്ക് പറഞ്ഞു.
അടുത്തിടെ ‘തെറാപ്പസ് വിത്ത് ജേക്ക് ഷെയ്ൻ’ പോഡ്‌കാസ്റ്റിലാണ് നിക്ക് ജോനാസ് തന്‍റെ പങ്കാളിയായ പ്രിയങ്ക ചോപ്രയുമായുള്ള ആദ്യ ഡേറ്റിന്‍റെ രസകരമായ ഓര്‍മകള്‍ പങ്കുവെച്ചത്. ഹോളിവുഡ് ബൗളിൽ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റിന്‍റെ തത്സമയ സംഗീത പരിപാടിയിലേക്ക് താന്‍ പ്രിയങ്ക ചോപ്രയെ ക്ഷണിച്ചിരുന്നു. പരിപാടിക്ക് പ്രിയങ്കയോട് ഉറ്റ സുഹൃത്തിനോടൊപ്പം വരാനാണ് ആവശ്യപ്പെട്ടത്. ഒപ്പം തന്‍റെ മൂത്ത സഹോദരൻ കെവിൻ ജോനാസിനെയും മറ്റൊരു ദമ്പതികളെയും കൂടി ക്ഷണിച്ചു. ‘ഷോക്കിടയില്‍ ഞങ്ങള്‍ ഒരുപാട് സമയം ഒരുമിച്ചുണ്ടായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ എവിടെയോ ‘ഡ്രിങ്ക്സ്’ കഴിക്കാന്‍ പോയി. ഇതില്‍ ഞാന്‍ വളരെ എക്സൈറ്റഡ് ആണെന്ന് തന്‍റെ സഹോദരന്‍ ജോയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവന്‍ ലോകത്ത് എവിടെനിന്നും ഞങ്ങള്‍ക്ക് ‘മില്‍ക്ക് ഷോട്ട്സ്’ അയച്ചുകൊണ്ടിരുന്നു, അത് വളരെ രസകരമായിരുന്നു’– നിക്ക് പറഞ്ഞു. ജോ തന്നെ പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ‘നിങ്ങളുടെ സഹോദരന്‍ നിങ്ങളെ ശ്വാസം മുട്ടിക്കുകയാണെന്ന്’ പ്രിയങ്ക പറഞ്ഞു. ആ രാത്രി തങ്ങള്‍ ‘ഫ്രഞ്ച് കിസ്’ നല്‍കിയെന്നും നിക്ക് വെളിപ്പെടുത്തി.
അടുത്തിടെ തന്‍റെ പുതിയ റിലീസായ ‘ദി ബ്ലഫി’ന്റെ പ്രൊമോഷന്റെ തിരക്കിലായിരുന്നു പ്രിയങ്ക ചോപ്ര. അതിനിടെ ജയ്ഷെട്ടി പോഡ്കാസ്റ്റില്‍ പങ്കെടുക്കവേ ഭര്‍ത്താവ് നിക്കില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ഒരു കത്ത് പ്രിയങ്കയെ അത്ഭുതപ്പെടുത്തിയിരുന്നു. ‘എന്‍റെ ജാന്‍’ എന്ന് ലളിതമായി അഭിസംബോധന ചെയ്ത ആ കത്ത് പ്രിയങ്കയെ വളരെയേറെ വികാരഭരിതയാക്കി. ‘നീ ആരാണെന്ന് ഞാന്‍ എപ്പോഴും അത്ഭുതപ്പെടുന്നു. വലിയ പദവികളോ, ആഗോള ഐക്കണോ, ലീഡറോ, പ്രകൃതിയുടെ ശക്തിയോ ഒന്നുമല്ല അത്. ഒരു അമ്മയായും, മകളായും, സഹോദരിയായും, എന്‍റെ ഭാര്യയായും നീ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതാണ് പ്രധാനം. ഓരോ ദിവസവും നീ കാണിക്കുന്ന ആ ഏകാഗ്രതയും പരിഗണനയും എന്‍റെ ജീവിതത്തിലും കൊണ്ടുവരാൻ ഞാൻ ശ്രമിക്കാറുണ്ട്.’ എന്നായിരുന്നു നിക്ക് പ്രിയങ്കയ്ക്ക് എഴുതിയ കത്തിലെ പ്രണയം നിറഞ്ഞ വാചകങ്ങള്‍. 2018 ലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായത്. ദമ്പതികള്‍ക്ക് മാൾട്ടി മേരി ചോപ്ര ജോനാസ് എന്ന മകളുമുണ്ട്.