സ്വന്തം അച്ഛനെ 40 വർഷത്തിനുശേഷം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് കൊല്ലം ശാസ്താംകോട്ടയിലെ ഉഷയും, ശോഭയും. കാസർകോട് നീലേശ്വരത്തുള്ള പുനരധിവാസ കേന്ദ്രത്തിൽ നിന്നാണ് 86 കാരനായ ലീൻ അഗസ്റ്റിനെ മക്കൾ കണ്ടെത്തിയത്. കൊല്ലം മയ്യനാട് പുല്ലിച്ചിറ സ്വദേശിയായ ലീൻ അഗസ്റ്റിൻ 16 വർഷമായി നീലേശ്വരം മടിക്കൈയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നു.

40 വർഷം മുൻപുള്ള കുട്ടിക്കാലം. അച്ഛനെന്നത് ഓർമ്മ മാത്രമായി ചുരുങ്ങിയ കാലമായിരുന്നു അത് ഈ പെൺമക്കൾക്ക്. സ്കൂളിൽ പോകുമ്പോൾ സഹപാഠികളൊക്കെ അച്ഛന്റെ വാത്സല്യത്തെക്കുറിച്ച് വാതോരാതെ പറയും. അത് കേട്ടിരിക്കുമ്പോൾ ഉഷയുടെയും ശോഭയുടെയും കണ്ണ്നിറയും. 40 വർഷം മുൻപ് വീടുവിട്ടിറങ്ങിയ അച്ഛനെ തിരയാത്ത ദിനങ്ങളില്ല. ഓർക്കാത്ത നാളുകളില്ല. 

വർഷങ്ങൾ കഴിഞ്ഞതോടെ അച്ഛൻ ലീൻ അഗസ്റ്റിൻ മരിച്ചെന്നു കരുതി. ഇതിനിടയിൽ ഉഷയുടെയും ശോഭയുടെയും മൂത്ത സഹോദരനും മരിച്ചു. ഓർമ്മയിലെ അച്ഛനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു. ഒടുവിൽ അത്ഭുതമായി ദൈവം വിളികേട്ടെന്ന് ഉഷ. അച്ഛൻ വീടുവിട്ടതോടെ നഷ്ടപ്പെട്ട ബാല്യകാല വാത്സല്യമുണ്ട്. ഇനിയത് അച്ഛന് തിരിച്ചു കൊടുക്കണം. വർഷങ്ങൾക്കിപ്പുറം അച്ഛനെ തിരിച്ചേൽപ്പിച്ച ദൈവത്തിന് സ്തുതി.

ENGLISH SUMMARY:

Reunited father after 40 years, the heartwarming story of Usha and Shobha finding their 86-year-old father, Leen Augustine, brings tears to the eyes. After decades of separation and believing him to be deceased, the sisters' prayers were answered when they located him at a rehabilitation center in Kasaragod.