കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കിലെ ക്ഷേത്ര നഗരിയായ ധര്‍മസ്ഥല ദുരൂഹതകളുടെ ചുരുളഴിക്കുകയാണ്. ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറിലധികം സ്ത്രീകളുടേയും കുട്ടികളുടേയും മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടെന്ന മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിലേക്കാണ് എല്ലാ കണ്ണുകളും. മണ്ണ് നീക്കിയുള്ള പരിശോധനയില്‍ ആ വെളിപ്പെടുത്തലിലെ സത്യമെത്രയുണ്ടെന്ന് തെളിയുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. നേത്രാവതി സ്നാനഘട്ടിനരികെ തിരിച്ചറിഞ്ഞ പോയിന്റ് ഒന്നിലായിരുന്നു ഇന്ന് പരിശോധന. ഇനിയുമുണ്ട് പത്ത് പതിനഞ്ചിടങ്ങള്‍ ചികയാന്‍...വന്‍ പൊലീസ് സംഘവും മണ്ണുമാന്തിയടക്കമുള്ള സന്നാഹങ്ങളും കൂട്ടിനുണ്ട്. എസ്ഐടി തലവൻ ജിതേന്ദ്ര ദയാമയും, പുത്തൂർ എ.സി സ്റ്റെല്ല വർഗീസുമെല്ലാം എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നു. എല്ലാത്തിനും സായുധ പൊലീസിന്റെ കാവലും....നോക്കാം ധര്‍മസ്ഥലയില്‍ കണ്ടതെന്താണെന്ന് ? ഇനി കാണാനുള്ളതെന്താണെന്ന്.
കര്‍ണാടകയും രാജ്യവും ഒരുപോലെ ഞെട്ടി. സൂപ്പര്‍വൈസറുടെ ഭീഷണിക്കു വഴങ്ങി നൂറുകണക്കിനു മൃതദേഹങ്ങള്‍ സംസ്കരിക്കേണ്ടിവന്നെന്നും, ഇതില്‍ പലതും ക്രൂരബലാല്‍സംഗത്തിനു ശേഷം കൊലപ്പെടുത്തിയ സ്ത്രീകളുടേതും കുട്ടികളുടേതുമായിരുന്നെന്നായിരുന്നു വെളിപ്പെടുത്തല്‍. തന്റെ ജീവനും അപകടത്തിലാണെന്ന് ഭയന്നാണു 2014ല്‍ ജോലി വിട്ടതെന്നും ശുചീകരണത്തൊഴിലാളി വിശദീകരിച്ചു. കുറ്റബോധത്തില്‍ ഉറങ്ങാന്‍ പോലും കഴിയാത്തതിനാലാണ് ഇപ്പോള്‍ പരസ്യമായി പറയുന്നതെന്നും ഇയാള്‍ പറഞ്ഞുവച്ചു. ഇന്ത്യയില്‍ ഇങ്ങനെയൊരു സ്ഥലമോയെന്ന ചോദ്യമുയര്‍ന്നു. എന്തുകൊണ്ട് ഇതൊന്നും ഇതുവരെ പുറത്തുവന്നില്ലന്ന ചോദ്യവും ബാക്കിയായി.