വീണത് കെട്ടിടമാണെങ്കിലും വീണിടത്തുകിടന്ന് ഉരുളന്നത് വീണയാണ്. സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി. നിരുത്തരവാദപരമായ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കാനുള്ള പെടാപ്പാട്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരു സ്ത്രീയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍നിന്ന് ഒളിച്ചോടാന്‍ വീണാ ജോര്‍ജിനാകില്ല, വീണയ്ക്ക് മാത്രമല്ല, മന്ത്രി വി.എന്‍.വാസവനും. എന്താണ് കോട്ടയത്ത് സംഭവിച്ചത്...? കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണു. വീണ കെട്ടിടത്തില്‍ ആരുമില്ലെന്ന് വീണ പറയുന്നു. രക്ഷാപ്രവര്‍ത്തനം വൈകിയതുകൊണ്ടാണ് വീട്ടമ്മയ്ക്ക ജീവന്‍ നഷ്ടപ്പെടുന്നത്. മന്ത്രി പറഞ്ഞത് ഏത് ഉദ്യോഗസ്ഥരുടെ വാക്കുകള്‍ ഉദ്ധരിച്ചാണെങ്കില്‍തന്നെ മന്ത്രി മറന്നത്, സ്വന്തം ഉത്തരവാദിത്തമാണ്. അത് അങ്ങേയറ്റം ഗൗരവതരവും. രാവിലെ പത്തരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീഴുന്നത്. ആശുപത്രിയിലും പരിസരങ്ങളിലും പരിഭ്രാന്തിയുടെ നിമിഷങ്ങള്‍. രോഗികളടക്കമുള്ളവര്‍ പകച്ചുനിന്നു. അപകടസ്ഥലത്തേക്ക് മന്ത്രിമാരെത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജും വി.എന്‍.വാസവനും. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന നിരുത്തരവാദപരമായ പ്രസ്താവന ഉണ്ടാകുന്നത് ഇവിടെയാണ്. ഒപ്പം അടച്ചിട്ട ഭാഗമാണ് തകര്‍ന്നതെന്നും മന്ത്രിമാര്‍. മന്ത്രിമാരെ ശരിവച്ച് ആശുപത്രി സൂപ്രണ്ടും. മന്ത്രിമാരുടെ വാക്കുകള്‍ വിശ്വസിച്ച നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ സമാധാനിച്ചു. പക്ഷേ, അവിടെയത്തിയ ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ആവശ്യപ്പെട്ടത് ഒറ്റക്കാര്യം. കൂടുതല്‍ തിരച്ചില്‍ നടത്തണം. ആളുണ്ടോയെന്ന് നോക്കണം. രണ്ടുമണിക്കൂറിനുശേഷമാണ് തകര്‍ന്ന കെട്ടിടത്തിനടുത്തേക്ക് മണ്ണുമാന്തി യന്ത്രമെത്തുന്നത്. വീണ്ടും തിരച്ചില്‍ നടക്കുന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കള്‍ക്കിടയില്‍ ഒരു സ്ത്രീ. അവരെ പുറത്തെടുക്കുന്നു. പക്ഷേ, ബിന്ദു മരിച്ചു. ആരോഗ്യകേരളത്തിന്റെ മുഖത്തേറ്റ അടിയായി മാറി ആ മരണം. തിരച്ചില്‍ ഗൗരവമായി തുടര്‍ന്നിരുന്നെങ്കില്‍, മന്ത്രിമാര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നില്ലെങ്കില്‍ ബിന്ദുവിന് ജീവന്‍ നഷ്ടപ്പെടുമായിരുന്നോ ? ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ആളിപ്പടര്‍ന്നു. ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയില്‍ നഷ്ടപ്പെട്ടത് ഒരു ജീവനാണ്. ബിന്ദുവിന്റെ കുടുംബത്തെ സമാധാനിപ്പിക്കാന്‍ ആര്‍ക്കുകഴിയും. കരളലിയിക്കുന്ന കാഴ്ചകളാണ് ബിന്ദുവിൻ്റെ വീട്ടിൽ. നിത്യ ജീവിതത്തിനായി പാടുപെട്ടിരുന്ന കുടുംബം നേരിടേണ്ടി വന്ന അവിചാരിത ദുരന്തം നാടിന്റെയും കണ്ണീരായി. മകളുടെ മരണം ഉള്‍ക്കൊള്ളാനാകാതെ ഒരമ്മ പൊട്ടിക്കരയുന്നു. അതിദാരുണമായ ദുരന്ത‌മുണ്ടായ കോട്ടയം മെഡിക്കല്‍ കോളജ് അഞ്ചുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിക്ക് നേരെയും മന്ത്രിമാര്‍ക്കുനേരെയും കരിങ്കൊടി ഉയര്‍ന്നു. 68 വര്‍ഷം പഴക്കമുള്ള കെട്ടിടം അതീവ അപകടാവസ്ഥയിലെന്ന് 2013ല്‍ തന്നെ കണ്ടെത്തിയെന്നു പറഞ്ഞ് കുറ്റം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ തലയിലാക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ ശ്രമം. ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും ഭരിച്ചിട്ടും 12 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ കെട്ടിടം രോഗികള്‍ ഉപയോഗിച്ചത് ആരുടെ പിടിപ്പുകേട് എന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല. ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഒരാൾക്ക് ജീവൻ നഷ്ടമാകുന്നതിലേക്ക് വൈകിയ രക്ഷാപ്രവർത്തനം. ബലക്ഷയമുള്ള കെട്ടിടം ഇത്രയും നാൾ ആളുകൾ എങ്ങനെ ഉപയോഗിച്ചു എന്നതിന് ആരോഗ്യമന്ത്രിക്ക് മറുപടിയില്ല. രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചത് ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന മന്ത്രിമാരുടെ പ്രസ്താവനയാണ്. ആരോഗ്യരംഗം നാഥനില്ല കളരിയായെന്ന പ്രതിപക്ഷവിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കില്ല.. അപര്യാപ്തതകൾ ചൂണ്ടിക്കാണിക്കുമ്പോൾ പരിഹരിക്കുന്നതിന് പകരം പരാതിപ്പെടുന്നവരെ ഒറ്റപ്പെടുത്തുകയാണ് എന്ന വിമര്‍ശനം അങ്ങനെയങ്ങ് തള്ളിക്കളയാനാകില്ല സര്‍ക്കാരിന്. ഡോ. ഹാരിസ് ചിറക്കലിന് പ്രതികരണം ഇപ്പോഴും ആരോഗ്യകേരളത്തിനുമുന്നിലുണ്ട്. ചികില്‍സവേണ്ടത് ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയ്ക്കുകൂടിയാണ്.

ENGLISH SUMMARY:

The tragic death of a woman in the Kottayam Medical College building collapse has sparked widespread outrage, with the Health Minister, Veena George, and Minister V.N. Vasavan facing severe criticism for their "irresponsible" statements that no one was trapped, allegedly delaying rescue efforts. This incident has cast a shadow on Kerala's "number one healthcare" image. Despite the Chief Minister's visit and protests, questions remain unanswered about why a 68-year-old building, deemed unsafe in 2013, continued to be used by patients for 12 years under successive governments. The delay in rescue, directly linked to ministerial assurances, is highlighted as a grave lapse. Critics argue that the government prioritized image over human life, echoing concerns about a lack of accountability and the suppression of criticism regarding healthcare deficiencies. The tragic loss of Bindu has left her family devastated, fueling statewide protests against the Health Minister.