Untitled design - 1

കോന്നി മെഡിക്കൽ കോളേജിലെ സൗകര്യക്കുറവുകൾ ചൂണ്ടിക്കാട്ടി നോട്ടീസ് പതിപ്പിച്ച സംഭവത്തിൽ സർജൻ ഡോ.  ശിവപ്രസാദുമായി ഫോണില്‍ സംസാരിച്ച കാര്യങ്ങള്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കിട്ട് ഡോ.  എസ്എസ് ലാല്‍. സർക്കാരും ആരോഗ്യമന്ത്രിയും നല്ല ഡോക്ടറായ ശിവപ്രസാദിനോട് യുദ്ധം ചെയ്യരുതെന്നും, ആ യുദ്ധത്തിൽ രോഗികൾളാണ് തോറ്റുപോവുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'കോന്നി മെഡിക്കൽ കോളേജിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഡോ: ശിവപ്രസാദിനോട് അല്പം മുമ്പ് ഞാൻ സംസാരിച്ചു. പല പ്രാവശ്യം ആലോചിച്ചിട്ടാണ് വിളിച്ചത്. അതിൻ്റെ കാരണം പിന്നീട് പറയാം. എൻ്റെ ഫോൺകോൾ ശിവപ്രസാദ് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനാണെന്നറിഞ്ഞപ്പോൾ അദ്ദേഹം അല്പം അതിശയിച്ചു. പിന്നെ വളരെ ഇമോഷണലായി. ആശുപത്രിയിലെ അസൗകര്യങ്ങളെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് ശിവപ്രസാദ് പറഞ്ഞു. 

ഡോ. ശിവപ്രസാദ് ചാർജ് എടുക്കുമ്പോൾ കോന്നി മെഡിക്കൽ കോളേജിൽ മൈനർ ഓപ്പറേഷനുകൾ മാത്രമായിരുന്നു നടന്നിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹവും അസ്ത്യേഷ്യ വിഭാഗത്തിലെ ഡോ: സുനീഷ്, ഡോ: ഹരി എന്നിവരും കൂടി ഒരുമിച്ച് ശ്രമിച്ച് ശസ്ത്രക്രിയ രോഗികൾക്കായി രണ്ട് വാർഡുകളും പ്രത്യേക ഐ.സി യൂണിറ്റും ഉണ്ടാക്കിയെടുത്തു. സ്വന്തം കൈയിൽ നിന്ന് പണം കൊടുത്ത് പല ശസ്ത്രക്രിയ ഉപകരണങ്ങളും വാങ്ങി. സൗകര്യങ്ങളില്ലാത്ത അവിടത്തെ അത്യാഹിത വിഭാഗത്തിൻ്റെ ഒരു ഭാഗമാണ് ഓപ്പറേഷൻ തീയറ്ററാക്കി മാറ്റിയെടുത്തത്. 

ഓപ്പറേഷൻ തീയറ്ററിൽ ആകെ രണ്ട് മേശയാണുള്ളത്. വെറും എട്ട് നഴ്‌സുമാരാണ് തീയറ്ററിൽ സഹായത്തിനുള്ളത്. മറ്റ് സഹായങ്ങൾക്ക് നാല് സ്റ്റാഫ് മാത്രം. ഇപ്പോൾ അത്യാവശ്യം നാല് സീനിയർ റസിഡൻ്റുമാർ ഉണ്ട്. ഹൗസ് സർജന്മാരെ പണി പഠിപ്പിച്ച് സഹായത്തിന് നിർത്തുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. ഈ പരിമിത സാഹചര്യങ്ങളിൽ ഡോ: ശിവപ്രസാദ് നടത്തിയിട്ടുള്ള ശസ്ത്രക്രിയകളുടെ എണ്ണം നോക്കിയാൽ അത് റെക്കോഡ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ആഴ്ചയിൽ ഏതാണ്ട് നാല്പത് വലിയ ശസ്ത്രക്രിയകൾ ഇപ്പോൾ നടക്കുന്നുണ്ട്.

ശസ്ത്രക്രിയയുടെ പ്രോട്ടോക്കോൾ പാലിക്കാൻ ഇത്രയും കുറഞ്ഞ സൗകര്യങ്ങളിൽ സാദ്ധ്യമല്ല. ഇതിനിടയിലാണ് ആരോഗ്യമന്ത്രിയുടെ കമൻ്റ് വന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവർ. പ്രോട്ടോക്കോൾ പാലിക്കാതെ ഓപ്പറേഷൻ ചെയ്ത് രോഗിക്ക് പ്രശ്നങ്ങളെന്തെങ്കിലും വന്നാൽ ഓപ്പറേഷൻ ചെയ്ത ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഉത്തരവാദികൾ ആയിരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. 

ചെകുത്താനും കടലിനും ഇടയിലെന്നെ അവസ്ഥയിലായി അവിടത്തെ ഡോക്ടർമാർ. ഉള്ള സൗകര്യത്തിൽ പാവപ്പെട്ട രോഗികൾക്ക് ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥയാണ്. പ്രോട്ടോക്കോൾ പാലിക്കാൻ ആവശ്യത്തിന് സംവിധാനമോ സ്റ്റാഫോ ഇല്ല. അതിനാലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി രോഗികൾക്കായി ഡോ. ശിവപ്രസാദ് ഒരു സമ്മതപത്രമുണ്ടാക്കിയത്. അത് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വഴി മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്ക് അയക്കുകയും അത് സംബന്ധിച്ച ഒരു മീറ്റിംഗ് നടക്കുകയും ചെയ്തു. പിന്നീട് ഒന്നും സംഭവിച്ചില്ല.

മുൻപും അച്ചടക്ക നടപടികൾ നേരിട്ടയാളാണെന്ന് തന്നെപ്പറ്റി മന്ത്രി നടത്തിയ പ്രസ്താവന വളരെയധികം വേദനിപ്പിച്ചതായി ഡോ. ശിവപ്രസാദ് പറഞ്ഞു. മുൻപ് അദ്ദേഹത്തിന് സസ്പെൻഷൻ നടപടി ഉണ്ടായതിൻ്റെ കഥ പറഞ്ഞാൽ എല്ലാവരും ഞെട്ടുമെന്നും ഡോ. ശിവപ്രസാദ് പറഞ്ഞു. അതുകൊണ്ട് തന്നെ സ്വയം വിരമിക്കലിനായി സർക്കാരിലേയ്ക്ക് കത്ത് കൊടുത്തു അദ്ദേഹം.   

നല്ല കമ്മ്യൂണിസ്റ്റുകാരനായിരുന്ന അച്ഛൻ പറഞ്ഞ വഴികളിലൂടെയാണ് ഇപ്പോഴും സഞ്ചരിക്കുന്നതെന്ന് ഡോ. ശിവപ്രസാദ് പറഞ്ഞു. ഇതുവരെ ഓപ്പറേഷന് വേണ്ടി ഒരു രോഗിയിൽ നിന്നും പണം വാങ്ങിയിട്ടില്ല. സ്വകാര്യ പ്രാക്ടീസ് ഇല്ല.  

ഡോ. ശിവപ്രസാദിനെ വിളിക്കുന്നതിന് മുമ്പ് ഞാൻ ഒന്ന് ആലോചിച്ചു എന്ന് പറഞ്ഞതിന് കാരണമുണ്ട്. മെഡിക്കൽ പഠനകാലത്ത് വിദ്യാർത്ഥിരാഷ്ട്രീയത്തിൽ ഞങ്ങൾ എതിർ ചേരികളിലായിരുന്നു. എസ്.എഫ്.ഐയുടെ വലിയ നേതാവായിരുന്നു ശിവപ്രസാദ്. പഠനത്തിന് ശേഷം അധികം കണ്ടിട്ടില്ലാത്തതിനാൽ മറ്റ് പല മുൻ എസ്.എഫ്.ഐ നേതാക്കളോടുമെന്നതുപോലെ കൂടുതൽ സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതക്കാരനാണ് ശിവപ്രസാദ്. അതിനാൽ പ്രതികരണം എന്തായിരിക്കുമെന്ന് ഉറപ്പില്ലായിരുന്നു. എങ്കിലും ഒരേ കാലത്ത് പഠിച്ച ഒരാൾ ഒറ്റപ്പെടുന്നതുപോലെ തോന്നിയപ്പോൾ വിളിക്കാതിരിക്കാനും കഴിഞ്ഞില്ല.

വർഷങ്ങൾക്ക് ശേഷം എൻ്റെ ഫോൺ വന്നതിനാലാണ് ഇമോഷണലായതെന്ന് ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്കിൽ എഴുതാൻ അനുവാദവും തന്നു. ഞാൻ പറയുന്നത് കേട്ടിട്ട് ലാലിന് എന്ത് വേണമെങ്കിലും എഴുതാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് ഇത്രയും എഴുതിയത്.

ഒരു കാര്യം കൂടി. ഡോ. ശിവപ്രസാദിനെപ്പോലെ ഒരാളെ സർക്കാർ സർവീസിന് നഷ്ടമാകുന്നത് ഈ നാട്ടിലെ സാധാരണ ജനങ്ങളെയായിരിക്കും ബാധിക്കുന്നത്'. – ഡോ. എസ്.എസ്. ലാൽ വ്യക്തമാക്കി. 

ENGLISH SUMMARY:

Konni Medical College facilities are highlighted by Dr. S.S. Lal's Facebook post after speaking with surgeon Dr. Shivaprasad. Dr. Lal urges the government and health minister not to battle good doctors like Shivaprasad, as patients ultimately lose.