പതിനെട്ടുവര്‍ഷം നീണ്ട കാത്തിരിപ്പ്, പ്രാര്‍ഥന, കണ്ണീര് ചൊവ്വ രാത്രിയില്‍ ആര്‍.സി.ബി കിരീടമുറപ്പിച്ചതോടെ അണപൊട്ടിയ ആവേശം. തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകക്കൂട്ടം. ബെംഗളൂരു മതിമറന്ന് ആഘോഷിച്ചു. രാവെളുക്കുവോളം നീണ്ട തിമര്‍പ്പ്. കപ്പുമായി ആര്‍.സി.ബി ടീം ചാര്‍ട്ടേഡ് വിമാനത്തില്‍ ബെംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തിലിറങ്ങിയതോടെ ആവേശം കൊടുമുടിയിലെത്തി. ആ ആവേശക്കൊടുമുടിക്കപ്പുറം കാത്തിരുന്ന ദുരന്തംമാത്രം ആരും മുന്‍കൂട്ടി കണ്ടില്ല. മുന്‍കരുതലെടുത്തില്ല.
അണപൊട്ടിയെത്തിയ ആവേശം കണ്ണീരിന് വഴിമാറുന്ന കാഴ്ച കണ്ട ബുധന്‍. അതിരില്ലാത്ത ക്രിക്കറ്റ് ആവേശവുമായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം. അവര്‍ക്ക് ഒരൊറ്റ വികാരമേ ഉണ്ടായിരുന്നുള്ളു, ആര്‍.സി.ബി. അതിന് മുന്നില്‍ തടസങ്ങളോ തിരക്കോ ഒന്നും പ്രശ്നമല്ലായിരുന്നു. തുറന്ന ബസില്‍ ടീം വിജയഘോഷയാത്ര നടത്തുമെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ ആരാധകര്‍ ഇരച്ചെത്തി. ബെംഗളൂരു നഗരത്തിന് പുറത്തുനിന്നടക്കം ആരാധകരുടെ കുത്തൊഴുക്ക്. തലേന്ന് രാത്രി ആഘോഷങ്ങള്‍ക്കിടയുണ്ടായ അപകടങ്ങളും രണ്ട് മരണവുംമൂലം സര്‍ക്കാര്‍ ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ചു. വിധാന്‍സൗധയ്ക്ക് മുന്നില്‍മാത്രം സ്വീകരണമെന്ന് അറിയിപ്പ് നല്‍കി. ഉച്ചയോടെ ആര്‍.സി.ബി ടീം ബെംഗളൂരുവിലെത്തി. നാടെങ്ങും ആവേശം. ടീമിനെ സ്വീകരിക്കാന്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ നേരിട്ടെത്തി. വിധാന്‍സൗധയ്ക്ക് മുന്നിലെ സ്വീകരണസ്ഥലത്തും പതിനായിരങ്ങള്‍ തടിച്ചുകൂടി. നിലത്തുനിന്നിട്ട് രക്ഷയില്ലെന്ന് തോന്നിയവര്‍ തൊട്ടടുത്ത മരങ്ങള്‍ക്ക്മുകളില്‍ ബാല്‍ക്കണി സീറ്റ് ഒപ്പിച്ചു. ഇതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്വീകരണത്തിന് മൂന്നുമണിയോടെ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ സ്റ്റേഡിയത്തിന് മുന്നിലേക്ക് ആരാധകരുടെ കുത്തൊഴുക്ക്. സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം ടിക്കറ്റ് വച്ച് നിയന്തിച്ചു. പക്ഷേ അതൊന്നും ആരാധകര്‍ക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. അകത്തേയ്ക്ക് കടക്കാന്‍ ഗേറ്റുകള്‍ക്ക് മുന്നില്‍ ആരാധകര്‍ തിക്കിത്തിരക്കി. നാല‍്പതിനായിരംപേരെ മാത്രം ഉള്‍കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം നിറഞ്ഞുവെന്ന് സംഘാടകര്‍ അനൗണ്‍സ് ചെയ്തുകൊണ്ടേയിരുന്നു. ഇടയ്ക്ക് മഴകൂടി പെയ്തോടെ കാര്യങ്ങള്‍ കൈവിട്ടു. തിരക്ക് നിയന്ത്രണാധീതമായതോടെ പലയിടത്തും പൊലീസ് ലാത്തിവീശി. ചിതറിയോടിയ ആരാധകര്‍ വീണ്ടും തിക്കിലും തിരക്കിലുംപെട്ടു.