ഐപിഎല്‍ വിജയാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിന് കാരണക്കാര്‍ പൊലീസാണെന്ന് ആര്‍സിബി. തങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയിലാണ് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ഹര്‍ജി നല്‍കിയത്. ഗേറ്റുകള്‍ തുറക്കാന്‍ പൊലീസ് വൈകിയതാണ് അപകടം ഉണ്ടാക്കിയത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കേണ്ടതും പൊലീസായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇവന്‍റ് മാനെജ്മെന്‍റ് കമ്പനിയും സമാന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും മതിയായ പൊലീസുകാരെ നിയോഗിച്ചിരുന്നില്ല. വിധാന്‍ സൗധയ്ക്ക് സമീപത്തായിട്ടാണ് പൊലീസും സുരക്ഷാസേനയുമുണ്ടായിരുന്നത്. ഇതോടെ സ്റ്റേഡിയത്തിലെ സുരക്ഷ പാളിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിലും വലിയ ജനക്കൂട്ടത്തെയാണ് ട്വന്‍റി 20 കിരീടം ഇന്ത്യ നേടിയപ്പോള്‍ വാങ്കഡെയില്‍ സംഘടിപ്പിച്ച വിജയാഘോഷത്തില്‍ മുംബൈ പൊലീസ് കൈകാര്യം ചെയ്തതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തുറന്ന ബസില്‍ പരേഡ് നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ജൂണ്‍ മൂന്നിന് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് ഇവന്‍റ് മാനെജ്മെന്‍റ് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ ഈ ആവശ്യം പൊലീസ് നിരസിച്ചു. പകരമായി വിധാന്‍ സൗധയ്ക്ക് മുന്നില്‍ വിജയാഘോഷം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അവിടെയാണ് പൊലീസിനെ നിയമിച്ചതും.
തങ്ങള്‍ സ്വന്തം നിലയ്ക്ക് 584 സുരക്ഷാജീവനക്കാരെ നിയോഗിച്ചിരുന്നുവെന്നും പൊലീസുകാര്‍ക്ക് നല്‍കുന്നതിനായി 2450 ഭക്ഷണപ്പൊതികള്‍ തയ്യാറാക്കിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ 600 ഭക്ഷണപ്പൊതികള്‍ മാത്രമേ പൊലീസുകാര്‍ വാങ്ങിയിട്ടുള്ളൂ. അതിനര്‍ഥം അത്രയും പൊലീസുകാര്‍ മാത്രമേ എത്തിരുന്നുള്ളൂവെന്നാണെന്നും കമ്പനി ആരോപിക്കുന്നു. വലിയ ജനക്കൂട്ടം സ്ഥലത്തെത്തിയിട്ടും മൂന്നരയോടെ മാത്രമാണ് പൊലീസ് സ്റ്റേഡിയത്തിന്‍റെ ഗേറ്റുകള്‍ തുറന്ന് നല്‍കിയത്. പിന്നാലെ ലാത്തിച്ചാര്‍ജും നടത്തി. ഇതോടെ ജനക്കൂട്ടം പരിഭ്രാന്തരായി പരക്കം പാഞ്ഞുവെന്നും ഇതാണ് തിക്കുംതിരക്കുമുണ്ടാക്കിയതെന്നുമാണ് കമ്പനിയുടെ വിശദീകരണം. 11 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.