Image Credit: PTI
ആരാധകരെയും ടീമിനെയും കണ്ണീരിലാഴ്ത്തിയ ജൂലൈ നാലിനെ കുറിച്ച് ഒടുവില്‍ വിരാട് കോലി തുറന്ന് പറയുന്നു. നീണ്ട പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ കിരീടം ആഘോഷമാക്കാനുള്ള ആരാധകരുടെ തയാറെടുപ്പുകള്‍ വന്‍ ദുരന്തത്തില്‍ കലാശിച്ചതില്‍ ഇതാദ്യമായാണ് കോലി തുറന്ന് സംസാരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ 11 പേര്‍ മരിക്കുകയും 75 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Ahmedabad: Royal Challengers Bengaluru s captain Rajat Patidar lifts the championship trophy as players celebrate during the presentation ceremony of the Indian Premier League (IPL) 2025 final, at the Narendra Modi Stadium, in Ahmedabad, Tuesday, June 3, 2025. (PTI Photo/Arun Sharma) (PTI06_04_2025_000093A)
'ജീവിതത്തില്‍ ഒന്നും ആ ജൂലൈ നാല് പോലെ ഇനി ഹൃദയം തകര്‍ക്കില്ല. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും ആഹ്ലാദഭരിതമായ നിമിഷമാണ് ഏറ്റവും ദുരന്തമായി അവസാനിച്ചത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പവും പരുക്കേറ്റവര്‍ക്കൊപ്പവുമാണ് ഇപ്പോഴും മനസ്. അവരെ പ്രാര്‍ഥനയില്‍ എന്നും ഓര്‍ക്കുന്നു. നിങ്ങളുടെ നഷ്ടം ഞങ്ങളുടേതും കൂടിയാണ്. ബഹുമാനവും ഉത്തരവാദിത്തവുമെല്ലാം നിലനിര്‍ത്തി നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം'- കോലി ആര്‍സിബിയുടെ വെബ്സൈറ്റില്‍ കുറിച്ചു.
ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 25ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരമായി ആര്‍സിബി പ്രഖ്യാപിച്ചത്. ഭാവിയില്‍ ഇത്തരമൊരു ദുരന്തം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ദുരന്തത്തില്‍പ്പെട്ട ആരാധകര്‍ക്കായി സ്മാരകം നിര്‍മിക്കുമെന്നും ആര്‍സിബി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ സംഘാടകര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായും പൊതുപരിപാടികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന ചട്ടങ്ങള്‍ പോലും പാലിച്ചില്ലെന്നും കര്‍ണാടക ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജിയായ ജസ്റ്റിസ് മൈക്കല്‍ ഡികുഞ്ഞയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ദുരന്തത്തിന് ശേഷം ആരാധകരെ കാണാനോ അവരുടെ ദുഃഖത്തില്‍ പങ്കുചേരാനോ നില്‍ക്കാതെ കോലി മടങ്ങിയത് വന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കിരീടനേട്ടത്തിന് പിന്നാലെ കോലിക്കും അനുഷ്കയ്ക്കും ലണ്ടനിലേക്ക് മടങ്ങേണ്ടിയിരുന്നത് കൊണ്ടാണ് തിടുക്കത്തില്‍ വിജയാഘോഷം നടത്തിയതെന്നും അതുകൊണ്ട് കോലിക്ക് ദുരന്തത്തില്‍ പങ്കുണ്ടെന്നുമായിരുന്നു ഒരു വിഭാഗത്തിന്‍റെ ആരോപണം.