Image Credit: AFP/ instagram/virat.kohli

Image Credit: AFP/ instagram/virat.kohli

കോംഗോ​യ്​ക്കെതിരെ നിറംമങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിമര്‍ശനശരം കൊണ്ടും പരിഹാസം കൊണ്ടും മൂടുകയാണ് സമൂഹ മാധ്യമങ്ങള്‍. ലയണല്‍ മെസി ഹാട്രിക് നേടിയ ദിവസം തന്നെ ലോകകപ്പിലെ ആദ്യ മല്‍സരത്തിനിറങ്ങിയ റൊണാള്‍ഡോ ഗോള്‍രഹിതനായി മടങ്ങിയതാണ് കൂക്കുവിളികള്‍ക്കും രൂക്ഷമായ വിമര്‍ശനത്തിനും വഴിതെളിച്ചത്. 41–ാം വയസിലും പോര്‍ച്ചുഗലിനെ നയിക്കാനിറങ്ങിയ റോണോയില്‍ പ്രതിഭയുടെ നിഴല്‍ പോലും കാണാനാവാതെ വന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ടീമൊന്നടങ്കം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നത് വാസ്തവമായിരിക്കേ റൊണാള്‍ഡോ മാത്രം ക്രൂശിക്കപ്പെട്ടു. 

മൂന്ന് വര്‍ഷം മുന്‍പ് റൊണാള്‍ഡോയെ കുറിച്ച് വിരാട് കോലി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. '38–ാം വയസിലും തനിക്ക് കഴിയുന്നതിന്‍റെ പരമാവധിയാണ് റൊണാള്‍ഡോ ചെയ്യുന്നത്. പക്ഷേ ഫുട്ബോള്‍ വിദഗ്ധരൊക്കെ മാറിയിരുന്ന് ആഴ്ചതോറും റൊണാള്‍ഡോയെ വിമര്‍ശിക്കുന്ന തിരക്കിലാണ്. ലോകത്തെ ടോപ് ക്ലബുകള്‍ക്കായി താരം നടത്തിയ  പ്രകടനത്തെ  സൗകര്യപൂര്‍വം വിസ്മരിച്ച് നടത്തുന്ന ഈ വാചകക്കസര്‍ത്തുകള്‍ ശ്രദ്ധ പിടിച്ചുപറ്റാനല്ലാതെ മറ്റൊന്നിനുമല്ല'- കോലി തുറന്നടിച്ചു. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും റയലിലും യുവന്‍റസിലും വരെ എതിരാളികളെ വിറപ്പിച്ചിരുന്ന റൊണാള്‍ഡോയല്ല ഇന്നുള്ളതെന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ കഴിഞ്ഞ സീസണില്‍ അല്‍ നാസറിനായി 30 തവണ ഇറങ്ങിയതില്‍ 28 തവണയും ഗോളടിച്ചുവെന്നതാണ് സത്യം.  പോര്‍ച്ചുഗലിന്റെ ആക്രമണം നയിക്കാന്‍ ശേഷിയില്ലാത്തതല്ല റൊണാള്‍ഡോയുടെ പ്രശ്നം, മറിച്ച് ടീമംഗങ്ങളുമായുള്ള ഒത്തിണക്കമാണ്. അതിനര്‍ഥം വിമര്‍ശനങ്ങള്‍ക്ക് റൊണാള്‍ഡോ അതീതനാണ് എന്നുമല്ല.

2022 ല്‍ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായപ്പോഴും റൊണാള്‍ഡോയോടുള്ള തന്‍റെ ആരാധന കോലി മറച്ചുവച്ചില്ല. 'എനിക്ക് ക്രിസ്റ്റ്യാനോ എല്ലാവരെക്കാളും വലിയതാണ്. കളിയോടുള്ള സമര്‍പ്പണവും കഠിനാധ്വാനവും പകരംവയ്ക്കാനില്ലാത്തതാണ്. അത്ര തീവ്രമായാണ് ഗോളിനായി പ്രയത്നിക്കുന്നത്. റൊണാള്‍ഡോ ഏത് ക്ലബിനായി കളിക്കുന്നോ അതിനെ ഞാന്‍ പിന്തുണയ്ക്കും. അദ്ദേഹം എന്നെ നിരന്തരം പ്രചോദിപ്പിക്കുന്നു'- കോലി വ്യക്തമാക്കി. 

ഓരോതവണയും കളിക്കളത്തില്‍ തിരിച്ചടികളുണ്ടായപ്പോള്‍ സ്വയം പുതുക്കപ്പെട്ട്, വിമര്‍ശകരെ തിരുത്തിച്ച ശീലമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുള്ളത്. ലോകകപ്പിലെ യാത്ര തുടരണമെങ്കില്‍ പോര്‍ച്ചുഗല്‍ താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. 

ENGLISH SUMMARY:

Indian cricket icon Virat Kohli's past statements defending Cristiano Ronaldo have resurfaced on social media as the Portuguese superstar faces intense online trolling following a quiet World Cup opener against Congo. Critics heavily scrutinized the forty-one-year-old forward after he went goalless on the same day his long-time rival Lionel Messi scored a brilliant hat-trick. In his previously recorded remarks, Kohli slammed football pundits for routinely targeting the legendary forward merely to garner quick media attention while conveniently ignoring his monumental career achievements across elite European clubs. Supporters have also pointed to Ronaldo's highly prolific recent domestic season with Al Nassr, where he successfully scored twenty-eight goals in just thirty appearances, to argue that his talent remains completely intact. The main issue currently plaguing Portugal's offensive front appears to be tactical coordination rather than Ronaldo's individual decline, though analysts agree the captain is not entirely immune to performance critiques. Throughout his highly decorated career, Ronaldo has consistently responded to adversity by reinventing his game, and global fans are eagerly waiting to see if he can silence his detractors once again in the upcoming matches.