അതിന് മുന്‍പ് ഈ രോഗമുണ്ടായിരുന്നില്ല; ഇങ്ങനെയൊരു മന്ത്രിയും: മമ്മൂട്ടി

നിപ്പയ്ക്കും കോവിഡിനും മുൻപ് അത്തരം രോഗങ്ങളോ ശൈലജയെപ്പോലൊരു മന്ത്രിയോ ഉണ്ടായിരുന്നില്ലെന്നും അതുതന്നെയാണു കെ.കെ.ശൈലജയെ മലയാളികൾ ഓർക്കാനും അംഗീകരിക്കാനും കാരണമെന്നും മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി.മന്ത്രിയാകുന്നതിനു മുൻപും മന്ത്രിയായിരുന്നപ്പോഴും പദവിയിൽ നിന്ന് ഇറങ്ങിയപ്പോഴും ശൈലജയ്ക്കു മാറ്റമൊന്നുമുണ്ടായില്ല. രോഗപ്രതിസന്ധികളുടെ കാലത്ത് ഒരു സ്ത്രീയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടു മലയാളികളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചതിനുള്ള അംഗീകാരമാണു ന്യൂസ്മേക്കർ പുരസ്കാരം. കേരളത്തിലെ ജനങ്ങളുടെ സ്നേഹവും ആദരവും നേടാനായെന്നതു ശൈലജയ്ക്കു ലഭിച്ച വിശിഷ്ടമായ മറ്റൊരു പുരസ്കാരമാണ്. മന്ത്രി പദവിയിലിരുന്ന കാലമത്രയും ശൈലജയുടെ വാക്കുകൾക്കു മലയാളി കാതു കൊടുത്തത് അങ്ങേയറ്റത്തെ വിശ്വാസത്തോടെയാണെന്നും മമ്മൂട്ടി പറഞ്ഞു. ന്യൂസ് മേക്കര്‍ പുരസ്കാര സമര്‍പ്പണച്ചടങ്ങും മമ്മൂട്ടിയും ശൈലജയും പങ്കെടുത്ത സംവാദവും പുരസ്കാര സമര്‍പ്പണവും വിഡിയോ കാണാം:

രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിക്കാഞ്ഞതിനെപ്പറ്റി പൊതുമണ്ഡലത്തിൽ ചർച്ചകളുയർന്നപ്പോൾ അക്കാര്യത്തിൽ വികാരപരമായി അഭിപ്രായപ്രകടനങ്ങൾ നടത്തരുതെന്നു മമ്മൂട്ടി തന്നെ ഉപദേശിച്ചിരുന്നുവെന്നും ശൈലജ വെളിപ്പെടുത്തി. ലിംഗസമത്വത്തെപ്പറ്റി ഏറെ സംസാരിക്കുന്ന ഇക്കാലത്തും സമൂഹത്തിൽ പെൺകുട്ടികളെ രണ്ടാം തരക്കാരായി കാണുന്ന പ്രവണതയും പ്രകടമായ സ്ത്രീവിരുദ്ധതയും ഉണ്ടെന്നും ഇതിനു മാറ്റം വരണമെന്നും ശൈലജ പറഞ്ഞു. മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് പുരസ്കാര സമർപ്പണത്തോടനുബന്ധിച്ചുള്ള ചോദ്യോത്തര പരിപാടിയുടെ മോഡറേറ്ററായി.