'നിങ്ങളുടെ പ്രവര്‍ത്തനങ്ങളോട് ആദരവ്’; കെ.കെ.ശൈലജയോട് സൂര്യ: മറുപടി ഇങ്ങനെ

ജയ് ഭീം സിനിമ കണ്ട ശേഷം സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവെച്ച മുൻമന്ത്രി കെ.കെ.ശൈലജയ്ക്ക് നന്ദി അറിയിച്ച് നടൻ സൂര്യ. 

'മാം, താങ്കളിൽ നിന്ന് ലഭിച്ച ഈ അഭിപ്രായത്തിൽ ഞാൻ വളരെ അധികം അഭിമാനിക്കുന്നു. നിങ്ങൾ ചെയ്യുന്നതിൽ ഏറെ ബഹുമാനമുണ്ട്. ജയ് ഭീം ടീമിന് വേണ്ടി നന്ദി അറിയിക്കുന്നു'. കെ.കെ ശൈലജയുടെ ട്വീറ്റിന് സൂര്യ നൽകിയ മറുപടി ഇതാണ്. 

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സിനിമയെ പ്രകീർത്തിച്ച് കെ.കെ ശൈലജ ട്വീറ്റ് ചെയ്തത്. 'പരിവർത്തനാത്മകമായ മാറ്റത്തിന് പ്രചോദനം പകരുന്നതാണ് ജയ് ഭീം എന്ന ചിത്രം. സമൂഹത്തിലെ വ്യവസ്ഥാപിതമായ ഹിംസയുടെയും വേർതിരിവിന്റെയും കഠിന യാഥാർഥ്യങ്ങളുടെ സത്യസന്ധമായ അവതരണമാണ് ചിത്രത്തിൽ. മികച്ച പ്രകടനങ്ങൾ. ജയ്ഭീം ടീമിന് അഭിനന്ദനങ്ങൾ'. ഇങ്ങനെയായിരുന്നു കെ.കെ ശൈലജയുടെ ട്വീറ്റ്. മന്ത്രി മുഹമ്മദ് റിയാസിനും സൂര്യ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. 

‘ജയ് ഭീം’ സിനിമയ്ക്ക് പ്രചോദനമായ പാർവതിക്കും കുടുംബത്തിനും സഹായവുമായും സൂര്യ രംഗത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിൽ െകാല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് 15 ലക്ഷം രൂപ സൂര്യ നേരിട്ടെത്തി കൈമാറിയിരുന്നു. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. ‘ജയ് ഭീമി’ന്റെ ലാഭത്തിൽ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവർക്കായി നൽകിയത്.മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്. മകളും ഭർത്താവും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാൻ പോലുമിടമില്ലാത്ത കൂരയിലെ ഇവരുടെ ജീവിതം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണമാണ്. ‘ജയ് ഭീം’ റിലീസ് ആയതോടെ ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.