ഈ പ്രതിഷേധങ്ങള്‍ മന്ത്രി കാണുന്നില്ലേ? പുറത്തുവന്ന് വിശദീകരിക്കണ്ടേ?

ഇന്നലെ വൈകിട്ട് ആറേകാലിന് വന്ന ഒരു ബ്രേക്കിങ് ന്യൂസ് ഉണ്ടാക്കിയ രാഷ്ട്രീയകൊടുങ്കാറ്റ് തുടരുകയാണ് കേരളത്തില്‍. മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു എന്ന വിവരം. മന്ത്രി എറണാകുളം ജില്ലാതിര്‍ത്തിയാ അരൂരിലെത്തി ഔദ്യോഗികവാഹനം അവിടെ ഉപേക്ഷിച്ച് ഒരു സുഹൃത്തിന്റെ കാറില്‍ ഇഡി ഓഫിസിലേക്ക് പോകുന്നു. തിരിച്ചെത്തി ഔദ്യോഗികവാഹനമെടുത്ത് മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നു. മന്ത്രി രാജിവയ്ക്കണം എന്ന മുറവിളി ഉയര്‍ന്നതിന് പിന്നാലെ രണ്ടേരണ്ടുവരി പ്രതികരണം അദ്ദേഹം ഫെയ്സ്ബുക്കില്‍ നടത്തി. സത്യം ജയിക്കും, ലോകം മുഴുവന്‍ എതിരെ നിന്നാലും എന്ന്. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനമാകെ മഴയെ അവഗണിച്ചുള്ള പ്രതിഷേധങ്ങളാണ്.  രണ്ട് മന്ത്രിമാര്‍ ജലീലിനെ അനുകൂലിച്ച് രംഗത്തുവന്നു. എന്നിട്ടും വളാഞ്ചേരിയിലെ വസതിയിലിരിക്കുന്നു എന്ന് നമ്മള്‍ കരുതുന്ന മന്ത്രി ജലീല്‍ കൂടുതലായി ഒരു വാക്ക് പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് മന്ത്രി ഇങ്ങനെ മൗനം പാലിക്കുന്നത്. ഒളിക്കാനൊന്നുമില്ലെങ്കില്‍ മന്ത്രി പുറത്തുവന്ന് വിശദീകരിക്കണ്ടേ?