ഏതൊക്കെ ഫയലുകൾ?; നാടാകെ പ്രതിഷേധ'ത്തീ'

സെക്രട്ടേറിയറ്റിലെ തീപിടിത്തം നാടാകെ പ്രതിഷേധത്തീ കത്തിക്കുകയാണ്. പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങിയപ്പോള്‍ പലയിടത്തും സംഘര്‍ഷം, ഏറ്റുമുട്ടല്‍. ഏതൊക്കെ ഫയലുകളാണ് തീ വിഴുങ്ങിയത് എന്നതാണ് പ്രധാന ചോദ്യം. അതന്വേഷിക്കുന്ന പൊലീസിന്റെ എഫ്ഐആര്‍ പറയുന്നു ഗസ്റ്റ് ഹൗസ് അനുവദിച്ചതിനെക്കുറിച്ചുള്ളതും ഗസറ്റ് നോട്ടിഫിക്കേഷന്‍ പകര്‍പ്പും ആണ് കത്തിയതെന്ന്. അട്ടിമറി സാധ്യതയടക്കം ദുരന്തനിവാരണ കമ്മിഷണറും അന്വേഷിക്കുന്നു. ഇനി എങ്ങനെയാണ് തീ? പിഡബ്ല്യുഡി പറയുന്നു ഫാനില്‍നിന്നാണെന്ന്. ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകിവീണ് കര്‍ട്ടന്‍ കത്തി എന്നാണ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ പൊതുമരാമത്ത് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷെ സംശയങ്ങള്‍ ബാക്കിയാണ്. ഗുരുതരമായ ആരോപണങ്ങള്‍ പലകോണില്‍നിന്നും ഉയരുന്നുമുണ്ട്. പക്ഷെ ഈ കോവിഡ് കാലത്ത് നാടാകെ പ്രതിഷേധം പടരുംമുമ്പ് അന്വേഷണ ഫലങ്ങള്‍ക്ക് കാക്കേണ്ടതുണ്ടോ പ്രതിപക്ഷം? സുതാര്യമായി വിശദീകരിക്കേണ്ടതുണ്ടോ സര്‍ക്കാര്‍?