ഓണ്‍ലൈന്‍ ഓഫ്‍ലൈന്‍; ചിരിയും കണ്ണീരും; നന്‍മ തിന്‍മകള്‍

മധ്യവേനലവധി ഇക്കുറി നേരത്തേയെത്തി. പരീക്ഷക്കു കാക്കാതെ കോവിഡിനെ ഭയന്ന് സ്കൂളുകള്‍ അടച്ചു. നീണ്ട അവധിക്കാലം കുട്ടികള്‍ വീടുകളില്‍ കഴിച്ചുകൂട്ടി. എങ്ങനെയാകും അടുത്ത വര്‍ഷത്തെ അധ്യയനമെന്നത് ചോദ്യചിഹ്നമായി ബാക്കി കിടന്നു. ഓണ്‍ലൈന്‍ ക്ലാസെന്ന ആശയം അപ്പോളേക്കും അന്തരീക്ഷത്തില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അധ്യയനം സ്കൂളിലെ ക്ലാസ് മുറികളില്‍ നിന്ന് വീടുകളിലേക്ക് ചുരിക്കാന്‍ രോഗാതുരമായ സാമൂഹിക പശ്ചാത്തലം നിര്‍ബന്ധിതമാക്കി.   സര്‍ക്കാര്‍ അതിനായുള്ള അണിയറ ഒരുക്കങ്ങള്‍ തുടങ്ങി. എന്നാല്‍ എന്ത് എങ്ങനെ എന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടില്ല. സ്വകാര്യ സ്കൂളുകളും ഓണ്‍ലൈന്‍ പഠനത്തിന്‍റെ സാധ്യതകളില്‍ തിരയുകയായിരുന്നു. ആധുനിക കാലത്തിന്‍റെ സവിശേഷതകളും സാങ്കേതിക വിദ്യയും ഒത്തു ചെരുന്നതോടെ വീട്ടിലിരുന്ന് പഠനം എന്നത് എളുപ്പത്തില്‍ സാധ്യമാകുമെന്ന് വിശ്വസിച്ച് മാറ്റത്തിനായി നാം തയ്യാറെടുത്തു. വീഡിയോ ക്ലാസ് തുടര്‍ന്ന് വാട്സ് ആപ് വഴി സംശയ നിവാരണം എന്നിങ്ങനെയുള്ള പദ്ധതികളിലേക്ക് സ്കൂളുകള്‍ കടന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ട ജൂണ്‍ ഒന്നിന് തന്നെ കേരള സിലബസില്‍ സര്‍ക്കാര്‍ പഠിപ്പിക്കല്‍ തുടങ്ങി. സ്കൂള്‍ തുറന്നില്ല. പകരം സര്‍ക്കാരിന്‍റെ വിക്ടേഴ്സ് ടിവി ചാനല്‍ വഴി. വിഡിയോ പരിപാടി കാണാം.