കരുതലോടെ കേരളം; നിയന്ത്രണങ്ങൾ കർശനമാക്കി

സംസ്ഥാനത്ത് 10 പേര്‍ക്കുകൂടി കോവിഡ് ബാധിച്ചു. ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നാണ് രോഗബാധിതര്‍. നാലുപേര്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍; രണ്ടുപേര്‍ വിദേശത്തുനിന്ന് വന്നവര്‍. സമ്പര്‍ക്കം മൂലം നാലുപേര്‍ക്ക് രോഗബാധയുണ്ടായി. ഇതുവരെ രോഗം വന്നത് 447 പേര്‍ക്ക്; 129 പേര്‍ ഇപ്പോള്‍ ചികില്‍സയിലുണ്ട്. എട്ടുപേര്‍ക്ക് രോഗമുക്തി ഉണ്ടായി. കോട്ടയം, ഇടുക്കി ജില്ലകള്‍ ഗ്രീന്‍സോണില്‍ നിന്ന് മാറ്റി എന്നുള്ളതാണ് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം. 10 ജില്ലകള്‍ ഓറഞ്ച് സോണില്‍ ഉണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണായി തുടരും. റെഡ് സോണുകളില്‍ കര്‍ശനനിയന്ത്രണം തുടരും. സംസ്ഥാനത്ത് കോവിഡ് മൂന്നാംഘട്ട വ്യാപനത്തിലേക്ക് കടന്നില്ല എന്ന് മുഖ്യമന്ത്രി അറിയിക്കുന്നു. സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല, എന്നാല്‍ ഭീഷണി നിലനില്‍ക്കുന്നു. ആളുകള്‍ അടിയന്തരാവശ്യത്തിനല്ലാതെ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയും. ഹോട്സ്പോട്ടുകളായി നിശ്ചയിച്ച പഞ്ചായത്തുകള്‍ ആകെ അടച്ചിടാനും തീരുമാനം.