ആശങ്ക വർധിപ്പിച്ച് കേരളം; ഒന്നിച്ച് പോരാടാം

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.  കാസര്‍കോട് 12 പേര്‍ക്കും, എറണാകുളത്ത് 3 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്ക് വീതവും പാലക്കാട്ട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  ഇതില്‍ , 9 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്; മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇപ്പോള്‍ 237 പേരാണ് ചികില്‍സയില്‍ ഉള്ളത്. നാല് വിദേശികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ആയെന്നാണ് ഔദ്യോഗിക കണക്ക്. അന്‍പതിലധികമെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍.  ‌കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 1800 ആയി. വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നാളെ രാവിലെ 11ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തുവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജജിതമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.. 

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44,216 ആയി. 8,85,689പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍. 1,89,886 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 4,100 പേരാണ് മരിച്ചത്. 12,428 പേര്‍ മരിച്ച ഇറ്റലിയില്‍ 1,05,792 പേര്‍ക്ക് രോഗബാധയുണ്ട്. സ്‌പെയിനിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. 9,053 പേരാണ് സ്‌പെയിനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു.  ഫ്രാന്‍സില്‍ മരണസംഖ്യ 3523 ആയി ഉയര്‍ന്നു. ഇറാനില്‍ 3,036 പേരും ബ്രിട്ടനില്‍ 2352 പേരുമാണ് ഇതുവരെ മരിച്ചത്‌