പന്ത്രണ്ടുവയസുകാരന്‍റെ കൊലപാതകം; നാടകീയനീക്കങ്ങളും ഒാര്‍മപ്പെടുത്തലും

ദേവനന്ദ മലയാളിക്ക് ഇപ്പോഴും നീറുന്ന വേദനയാണ്. ആ കുഞ്ഞിന് എന്ത് സംഭവിച്ചു എന്ന് തെളിയിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചതുമുതല്‍ കുരുന്നുകളെ ചേര്‍ത്തുപിടിക്കുകയാണ് മലയാളി. ഒാരോദിവസവും എത്തുന്ന വാര്‍ത്തകള്‍ ഓര്‍മിപ്പിക്കുന്നത് കുട്ടികളുടെ മേല്‍ ജാഗ്രത പാലിക്കാനാണ്. 

കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഏറെ  ഞെട്ടിപ്പിക്കുന്നതാണ്. ചാവക്കാട് എടക്കഴിയൂരിലെ ഒരു പന്ത്രണ്ടുവയസുകാരന്‍റെ കൊലപാതകം വര്‍ഷങ്ങള്‍ക്കിപ്പുറവും നടുക്കുന്ന ഓര്‍മയാണ് മലയാളിക്ക്. ആ കൊലയാളിയെ പിടികൂടാന്‍ അന്വേഷണസംഘം നടത്തിയ നാടകീയനീക്കങ്ങളും ജാഗ്രതയുടെ മുന്നറിയിപ്പാണ് നല്‍കുന്നത്.

ചാവക്കാട് എടക്കഴിയൂരിലെ കടല്‍ത്തീരത്തെ കാറ്റാടിമരങ്ങള്‍ക്ക് ഒരു കുട്ടിയുടെ കഥപറയാനുണ്ട്.. ആ ചെടികള്‍ക്കിടയില്‍ ഒരു മനസാക്ഷി മരവിച്ചവന്‍റെ ചപലവികാരങ്ങള്‍ക്ക് ഇരയായി ജീവന്‍ വെടിയേണ്ടി വന്ന ആ  പതിമൂന്നുവയുകാരന്‍.

അവനുമുണ്ടായിരുന്നു  ഒരു ബാല്യം. കൂട്ടുകാരുടെ കളിചിരികള്‍ക്കിടയില്‍ ലോകത്തിന്‍റെ വൈവിധ്യങ്ങളായ കാഴ്ചകള്‍ നോക്കാക്കാണാന്‍ ആകാംഷപൂണ്ട കുട്ടിക്കാലം. കാണുന്നതെല്ലാം അവന് അത്ഭുതങ്ങളായിരുന്നു..വലിയ കാഴ്ചകളുടെ ലോകത്തേക്ക് അവന്‍ അറിയാതെ പോയത് പക്ഷേ രക്ഷിതാക്കള്‍ അറിഞ്ഞില്ല.

എടക്കഴിയൂരിലെ അവന്‍റെ വീടിന് സമീപത്തെ പഞ്ചവടി ക്ഷേത്രത്തിലെ  പേരുകേട്ട ഉല്‍സവം. ജാതിമത വ്യത്യാസങ്ങളില്ലാതെ നാട്ടുകാര്‍ ഒത്തൊരുമിച്ച് നടത്തുന്ന ക്ഷേത്രോല്‍സവം കാണാന്‍ മുസ്ലീം കുടുംബത്തിലെ ആ പതിമൂന്നുകാരനും ആഗ്രഹം തോന്നിയത് സ്വഭാവികം. വീടിന് അടുത്തുള്ള ആ ക്ഷേത്രത്തിലേക്ക് അവന്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് നടന്നു. ക്ഷേത്രവളപ്പിലെ കളിപ്പാട്ടങ്ങളും ആള്‍ക്കൂട്ടവും അവന് ഹരമായി.

ക്ഷേത്രവളപ്പിലെ വൈവിധ്യങ്ങള്‍ കണ്ട് അവന്‍ അങ്ങനെ നടന്നു. പ്രദേശത്തെ മറ്റുകുട്ടികളെപ്പോലെ. പലപ്പോഴും അവന്‍റെ കണ്ണ് ഉല്‍സവപ്പറമ്പിലെ കടകളിലെ കളിപ്പാട്ടങ്ങളില്‍ ഉടക്കി നിന്നു. പക്ഷേ എല്ലാം തൊട്ടുനോക്കി  നിരാശയോടെ അവന്‍ നിന്നു. അതൊന്നും വാങ്ങാന്‍ അവന്‍റെ കയ്യില്‍ പണമില്ലാതിരുന്നു. ആരും അവനെ ശ്രദ്ധിച്ചില്ല.  പക്ഷേ ഒരാള്‍ ആ കുട്ടിയെ നോട്ടമിട്ടിരിന്നു, ഷംസു.

അവനിഷ്ടമുള്ള കളിപ്പാട്ടങ്ങളൊക്കെ വാങ്ങി നല്‍കി. ആരും നല്‍കാതിരുന്ന സ്നേഹം നല്‍കിയതോടെ അവന്‍ ഷംസുവിനൊപ്പം കൂടി. കൂടുതല്‍ കൂടുതല്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിത്തരമെന്ന ഷംസുവിന്‍റെ വാക്കില്‍ ആ പാവം കുട്ടി വീണു ക്ഷേത്രപ്പറമ്പില്‍ നിന്ന് ആരും കാണാതെ ഷംസു അവനേയും കൂട്ടിനടന്നു.

ലക്ഷ്യം എടക്കഴിയൂരിലെ വിജനമായ കാറ്റാടിത്തോട്ടങ്ങളായിരുന്നു. ഒന്നുമറിയാതെ ആ കുട്ടി ഷംസുവിനൊപ്പം വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് നടന്നു. കടല്‍ത്തീരത്തെ വിജനമായ സ്ഥലത്തേക്ക് എത്തിയതോടെ ഷംസുവിന്‍റെ സ്വഭാവം മാറി. കുട്ടിയെ കയറിപ്പിടിച്ചു. അയാളെ വെട്ടിച്ച് രക്ഷപെടാനുള്ള ഓരോ ശ്രമങ്ങളും പാഴായി. ഒടുവില്‍ ആ മനസാക്ഷിയില്ലാത്തവന്‍റെ ചെയ്തികള്‍ക്ക് ആ കുഞ്ഞ് വിധേയമാകേണ്ടിവന്നു. ഉറക്കെകരഞ്ഞതോടെ വായടക്കിപ്പിടിച്ച്  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

തൊട്ടപ്പുറത്ത്  രാത്രിയിലെ കലാപരിപാടികള്‍ കാണാന്‍ ആളുകള്‍ കടല്‍ത്തീരത്തുകൂടി പോയിട്ടും ആരും  അറിഞ്ഞില്ല. തൊട്ടടുത്ത് കാറ്റാടിമരത്തിനുള്ളില്‍ ഒരു കുഞ്ഞ് ജീവനുവേണ്ടി പിടയുന്നുണ്ടായിരുന്നെന്ന്

പതിമൂന്നുകാരന്‍ വീട്ടില്‍ നിന്ന് പോയി രാത്രിയായിട്ടും മടങ്ങിയെത്താതിരുന്നതോടെ അവന്‍റെ പിതാവ് അന്വേഷിച്ചിറങ്ങി. ക്ഷേത്രപറമ്പിലെങ്ങാനും ഉണ്ടാകുമെന്ന നിഗമനത്തില്‍ ആ അന്വേഷണം അവസാനിച്ചു.

രാവിലെ എടക്കഴിയൂര്‍ പ്രദേശം  ആ കുരുന്നിന്‍റെ മരണവാര്‍ത്ത അറിഞ്ഞാണ് ഉണര്‍ന്നത്. ഷര്‍ട്ട് മാത്രം ധരിച്ച് ആ പന്ത്രണ്ടുവയസുകാരന്‍ കാറ്റാടിമരത്തിനുള്ളില്‍ മരിച്ചുകിടക്കുന്നു.ജനം ഒഴുകിയെത്തി. പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയായാണ് കൊലപാതകം എന്നും പ്രാഥമീകഅന്വേഷണത്തില്‍ തന്നെ തെളിഞ്ഞു. പക്ഷേ പ്രതി രാവിലെ തന്നെ തെളിവുകളെല്ലാം നശിപ്പിച്ചെന്ന വിശ്വാസത്തില്‍ കടലില്‍ തൊഴിലാളികള്‍ക്കൊപ്പം പതിവുപോലെ മല്‍സ്യബന്ധനത്തിന് പോയി. അന്വേഷണം പ്രദേശവാസികളെ ചുറ്റിപ്പറ്റിയായിരുന്നു. ക്ഷേത്രത്തില്‍ കുട്ടി ഉണ്ടായിരുന്നതായും  മൊഴികള്‍ ലഭിച്ചു. നൂറുകണക്കിനാളുകളെ ചോദ്യം ചെയ്യുന്നതിനിടെ പൊലീസ് ഷംസുവിലേക്കും എത്തി. 

ഷംസുവില്‍ സംശയം കുടുങ്ങിയ പൊലീസ് വീണ്ടും അന്വേഷണം വ്യാപിപ്പിച്ചു. മുമ്പും പ്രകൃതിവിരുദ്ധ പീഡനത്തിന് കുടുങ്ങിയ ഷംസുവില്‍ തന്നെ അന്വേഷണം മുറുകിയപ്പോഴും തെളിവുകൊളൊന്നും പൊലീസിന് കൈവശം ഉണ്ടായിരുന്നില്ല. പക്ഷേ ഡിവൈഎസ്പി തോമസിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘങ്ങളായി തിരി‍ഞ്ഞ് തെളിവുശേഖരിച്ചു.

രാത്രിയോടെ കടലില്‍ നിന്ന് വീട്ടിലെത്തിയ ഷംസുവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല. കുറ്റം സമ്മതിക്കാതിരുന്നതോടെ പലരേയും വിട്ടയച്ചു. പക്ഷേ ഷംസുവില്‍ തന്നെ ഡിവൈഎസ്പിയും സംഘവും അന്വേഷണം കേന്ദ്രീകരിച്ചു. പലരീതിയിുള്ള ചോദ്യം ചെയ്യല്‍. ഒടുവില‍് ഷംസുവിലെ കുറ്റവാളി പുറത്തുവന്നു.

പ്രതിയെ അറസ്റ്റുചെയ്ത വാര്‍ത്ത പ്രചരിച്ചതോടെ പ്രതിയെ കാണാന്‍  ആയിരക്കണക്കിന് നാട്ടുകാരെത്തി. ഷംസുവുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ പോലും പൊലീസ് നന്നേപണിപ്പെട്ടു. കുഞ്ഞിനെ കൊലപ്പെടുത്തിയ അയാള്‍ക്കുനേരെ അസഭ്യവര്‍ഷങ്ങളുമായാണ് നാട്ടുകാരെത്തിയത്. 

എടക്കഴിയൂരിന്‍റെ ഒാരോപ്രദേശത്തെക്കുറിച്ചും ഷംസുവിന് കൃത്യമായി ധാരണയുണ്ടായിരുന്നു. കുട്ടിയെ നോട്ടമിട്ട സമയം മുതല്‍ എവിടേക്ക് കൊണ്ടുപോയാല്‍ സുരക്ഷിതമായിരിക്കുമെന്നും ഷംസു ഉറപ്പിച്ചിരുന്നു.

ഈ എട്ടുവയസുകാരന്‍റെ കഥയ്ക്ക് ഒരു പതിറ്റാണ്ടുകാലത്തിനപ്പുറത്തെ പഴക്കമുണ്ട്. പക്ഷേ ഇന്നും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയാതെ ആശങ്കപ്പെടുകയാണ് മാതാപിതാക്കള്‍. വീടിനുള്ളില്‍ വരെ കയറി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.പലരും അറസ്റ്റിലാകുന്നു. ദേവനന്ദയുടെ ദുരൂഹരമണം ഉള്‍പ്പെടെ ഉത്തരംകിട്ടാതെ നിലനില്‍ക്കുന്നു.

ഇതരസംസ്ഥാനക്കാര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച  സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. ഒരാഴ്ചക്കിടെ കൊല്ലത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്തത് രണ്ട് കേസുകളാണ്. രണ്ടുതമിഴ്നാട്  സ്ത്രീകള്‍ പിടിയിലാകുകയും ചെയ്തു. എന്നിട്ടും നമ്മള്‍ ശാന്തരായിരിക്കുകയാണ്.

തെന്മല ഒറ്റക്കൽ കുരിശുംമൂടിനു സമീപത്തെ വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഏഴുവയസുകാരിയെയാണ് തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. അയല്‍വാസി ബഹളം  വെച്ചതോടെ നാട്ടുകാര്‍ തിരുനല്‍വേലി സ്വദേശിനിയെ പിടികൂടി. ഇവരുടെ ബാഗില്‍ നിന്ന് അരലക്ഷം രൂപയും മൂന്നുസ്വര്‍ണമാലകളും കണ്ടെടുത്തു. കഴിഞ്ഞ ആഴ്ച കരുനാഗപ്പള്ളിയില്‍ ഏഴുവയസുകാരിയെ ഒപ്പം കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച തമിഴ്നാട് പൊള്ളാച്ചി സ്വദേശിനി ജ്യോതി  പിടിയിലായിരുന്നു..ഈ പട്ടികയിലേക്ക് ചേര്‍ത്തുവെക്കാന്‍ ഒട്ടേറെ സംഭവങ്ങള്‍ പക്ഷേ കുട്ടികള്‍ക്ക് നമ്മള്‍ എങ്ങനെ കാവല്‍ നില്‍ക്കും.

പേടിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലല്ല. ജാഗ്രതയാണ് വേണ്ടത്. സ്കൂളിലും വീട്ടിലും കടകളിലും കളിസ്ഥലങ്ങളിലുമെല്ലാം  കുട്ടികള്‍ക്ക് പരസ്പരം കാവലാകാം. കാരണം നാളെ നമ്മളില്‍ ആരുടെ കുട്ടിക്ക് നേരെയാണ് ആ കൈകള്‍ നീണ്ടുവരുന്നതെന്ന് പറയാന്‍ കഴിയില്ല നമുക്ക്.

ഒരോ സംഭവങ്ങളും ഒാരോ ഒാര്‍മപ്പെടുത്തലാണ്. കുട്ടികളെ ജാഗ്രതയോടെ സംരക്ഷിക്കാനുള്ള മുന്നറിയിപ്പ്. ഇതരസംസ്ഥാനക്കാര്‍ വ്യാപകമായി നമ്മുടെ നാട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. അവരില്‍ നിന്ന് മാത്രമല്ല, നമ്മുടെ കുട്ടികളെ അടുത്തറിയാവുന്നവരില്‍ നിന്നുപോലെ അവരെ രക്ഷിച്ചെടുക്കേണ്ടത് ഇക്കാലത്ത് ശ്രമകരമായ ദൗത്യമായി മാറിക്കഴിഞ്ഞു. സ്കൂളിലും നിരത്തിലും വീട്ടിലും  വരെ അവരെ കഴുകന്‍ കണ്ണുകന്‍ പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് നമുക്ക് സംരക്ഷണവലയം തീര്‍ക്കാം.