സർക്കാർ വകുപ്പുകൾ തമ്മിൽ തല്ല്; ജനജീവിതം ദുസഹമായതിന് ആര് ഉത്തരം പറയും

ടാര്‍ ചെയ്തതിനു പിന്നാലെ വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിച്ച കൊച്ചി, തമ്മനം പൊന്നുരുന്നി റോഡ് ബുധനാഴ്ച രാവിലെയ്ക്കകം പൂര്‍വസ്ഥിയിലാക്കണമെന്ന് ജില്ലാ കലക്ടര്‍. നാളെ വൈകുന്നേരത്തോടെ റോഡിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. ടാര്‍ ചെയ്ത് മണിക്കൂറുകള്‍ക്കം റോഡ് വെട്ടിപ്പൊളിച്ചതിന് എതിരെ പ്രതിഷേധം ശക്തമായതോടെയാണ് കലക്ടര്‍ ഇടപെട്ടത്. 

ജല അതോറിറ്റിയും പൊതുമരമാത്ത് വകുപ്പും തമ്മിലുള്ള ഏകോപനമില്ലായമയാണ് ടാര്‍ ചെയ്തതിനു തൊട്ടുപിന്നാലെ റോഡ് വെട്ടിപ്പൊളിക്കുന്നതിലേക്ക് നയിച്ചത്. പൈപ്പ് ലൈനിലെ പരിശോധനകള്‍ക്കായി വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴി, ചൊവ്വാഴ്ച രാത്രി മൂടണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പൈപ്പ് ലൈനിലെ പരിശോധനകള്‍ ഇതിനു മുന്പായി പൂര്‍ത്തിയാക്കണം. ബുധനാഴ്ച രാവിലെയോടെ റോഡ് പൂര്‍വസ്ഥിതിയിലാക്കുമെന്നും കലക്ടര്‍ അറിയിച്ചു.ജനപ്രതിനിധികളെയും പൊതുമരാമാത്ത്, ജല അതോറിറ്റി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കലക്ടര്‍ നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. 

കുഴി മൂടി റോഡ് പൂര്‍വസ്ഥിതിയിലാക്കുന്നതുവരെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇവിടെ മുഴുവന്‍ സമയവും പൊലീസിനെ നിയോഗിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. പൊതുമാരമാത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ രണ്ടാഴ്ച കൂടുന്പോള്‍ യോഗം വിളിക്കാനും തീരുമാനമായി. ഞായറാഴ്ച പൊതുമരാമത്ത് വകുപ്പ് ടാര്‍ ചെയ്ത റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് ജല അതോറിറ്റി പരിശോധനയ്ക്കായി വലിയ കുഴിയെടുത്തത്. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിക്കുകയും, റോഡ് പൂ‍ര്‍വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കലക്ടര്‍ പ്രശ്നത്തില്‍ ഇടപെട്ടത്.