ശ്രീലങ്കൻ താരോദയം അവിഷ്ക; ബാറ്റിങ്ങിലെ ഭാവി താരം

ശ്രീലങ്കയുടെ പുത്തന്‍ താരോദയം താന്‍ തന്നെയെന്നുറപ്പിച്ച് അവിഷ്ക ഫെര്‍ണാന്‍ഡോ.  മികച്ച ഡ്രൈവുകളുമായി കളം നിറഞ്ഞു കളിച്ച അവിഷ്കയുടെ കന്നിഎകദിന സെഞ്ച്വറിക്കരുത്തിലാണ് ശ്രീലങ്ക ഈ ലോകകപ്പിലെ അവരുടെ മികച്ച സ്കോറിലെത്തിയത്. ശ്രീലങ്കയ്ക്ക് വേണ്ടി കുറഞ്ഞ പ്രായത്തില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരന്‍ എന്ന നേട്ടവും അവിഷ്ക സ്വന്തമാക്കി.

1996 ലെ ലോകകപ്പില്‍ ശ്രീലങ്കയുടെ നെടുംതൂണായിരുന്ന അരവിന്ദ ഡിസില്‍വയെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തോടെ ഒരു ഇരുപത്തിയൊന്നുകാരന്‍ ശ്രീലങ്കയുടെ ഭാവിതാരമാണെന്ന് ബാറ്റിലൂടെ കാണിച്ചുതരികയാണ്. ബാറ്റിങില്‍ താളം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന ശ്രീലങ്കയുടെ നട്ടെല്ലാവുകയായിരുന്നു അവിഷ്ക ഫെര്‍ണാന്‍ഡോ.  തികഞ്ഞ ആധികാരികതയോടെയാണ് വിന്‍‍ഡീസിനെതിരെ 104 റണ്‍സ് കുറിച്ചത് .

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന സന്നാഹമത്സരത്തില്‍ കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന അവിഷ്കയെ ആദ്യമത്സരങ്ങളിലെ തോല്‍വിയോടെ ശ്രീലങ്ക തിരിച്ചുവിളിക്കുകയായിരുന്നു. ശ്രീലങ്കന്‍ ബാറ്റിങ് നിര തകര്‍ന്ന മത്സരങ്ങളിലും അവിഷ്ക കൃത്യമായി ബാറ്റുവീശി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 203 ല്‍ ഒതുങ്ങിയ മത്സരത്തില്‍ 30 റണ്‍സെടുത്ത് ടോപ് സ്കോററായി. ഇംഗ്ലണ്ടിനെതിരെ 39 പന്തില്‍ നേടിയ 49 റണ്‍സ് നിര്‍ണായകമായിരുന്നു. ആവിഷ്കയുടെ ബാറ്റിങ് അനായാസമായ ബാറ്റിങ് ടെക്നിക് മികച്ചതെന്ന് പരിശീലകനും സാക്ഷ്യപ്പെടുത്തുന്നു.

അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് എത്തിയ അ‌വിഷ്ക ഫെര്‍ണാണ്ടോയില്‍ ശ്രീലങ്കന്‍ ടീമിന് വിശ്വസമര്‍പ്പിക്കാനാവുന്ന മൂന്നാം നമ്പര്‍ ബാറ്റ്സ്മാനെയാണ് ലഭിചിരിക്കുന്നത്.