ശക്തമായ രാഷ്ട്രീയപോരാട്ടം; അതിനൊത്ത പോളിങ്; ഇരുപതിലെന്ത്?

നൂറില്‍ നൂറും നേടുമെന്ന് യുഡിഎഫ്. നൂറില്ലെങ്കിലും 2004 പോലെ ഏതാണ്ട് അതിനടുത്ത് നേടുമെന്ന് എല്‍ഡിഎഫ്. അഞ്ച് താമരകളെങ്കിലും വിരിയുമെന്ന് എന്‍ഡിഎ. എല്ലാ ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷകളുടെയും സമയം കഴിഞ്ഞു. ആലോചനകള്‍ക്കൊടുവില്‍ കേരളം സ്വന്തം ഹിതമെഴുതിക്കഴിഞ്ഞു. 

പോളിങ് ശതമാനം ഇപ്പോള്‍ ലഭ്യമാകുന്ന വിവരപ്രകാരം 77.05. അതായത് 2014ല്‍ ഇരുപതില്‍ പന്ത്രണ്ട് യു‍ഡിഎഫ് നേടിയപ്പോഴത്തെ വോട്ടിങ് ശതമാനമായ 74.04 ഇപ്പോള്‍ തന്നെ മറികടന്നുകഴിഞ്ഞു. അതിശക്തമായ രാഷ്ട്രീയപോരാട്ടം നടന്ന കേരളത്തില്‍ അതിനൊത്ത പ്രകടനം പ്രതികരണം വോട്ടര്‍ നടത്തിയെന്ന് ഉറപ്പ്. ഒരു തീരുമാനം വ്യക്തമാക്കുംപോലെ. ഞങ്ങള്‍ ആര്‍ക്കൊപ്പമെന്നാകാം കേരളം ഒരുമാസം വോട്ടിങ് യന്ത്രത്തില്‍ ഒളിപ്പിച്ചുവയ്ക്കുന്നത്? പോളിങ് ശതമാനം ആരുടെ നെഞ്ചിടിപ്പ് കൂട്ടും? ആരുടെ പ്രതീക്ഷകളെ ഒപ്പംകൂട്ടും?