ദ്രാവിഡസൂര്യന് വിട

ഒമ്പത് പതിറ്റാണ്ടു പിന്നിട്ട ജീവിതംകൊണ്ട്  മുത്തുവേല്‍ കരുണാനിധി മാറ്റിയെഴുതിയത് തമിഴക രാഷ്ട്രീയത്തിന്റെ തലയിലെഴുത്ത് തന്നെയായിരുന്നു. വിജയങ്ങളുടെ പടിക്കെട്ടുകള്‍ ഓരോന്നായി താണ്ടിയത്  രാഷ്ട്രീയതന്ത്രങ്ങള്‍കൊണ്ട് സ്വയം വെട്ടിയൊരുക്കിയ വഴിത്തടങ്ങളിലൂടെയും. ദ്രാവിഡരാഷ്ട്രീയത്തിലെ അതികായപരമ്പരയില്‍ തലയെടുപ്പോടെ അവശേഷിച്ച വന്മരമാണ് ചരിത്രത്തിലേക്ക് മറയുന്നത്. 

ആകാശംമുട്ടെ വളര്‍ന്നും  പടുകുഴിയിലേക്ക് കൂപ്പുകുത്തിയും കടന്നുപോയ രാഷ്ട്രീയ ജീവിതത്തിനിടെ  മുത്തുവേല്‍ കരുണാനിധി എന്ന രാഷ്ട്രീയ ചാണക്യന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്ന് ജനങ്ങളുടെ ശക്തിയെക്കുറിച്ചുള്ള ഉത്തമബോധ്യമായിരുന്നു. തമിഴ്ജനതയുടെ ജനിതകഘടനയിലേക്ക് ദ്രാവിഡരാഷ്ട്രീയത്തിന്റെ നാശമില്ലാത്ത വിത്തുകള്‍ പാകി മുളപ്പിച്ചു അതേ കരുണാനിധി.

സ്വാതന്ത്ര്യാനന്തര രാഷ്ട്രീയധാരയില്‍ സവര്‍ണമേല്‍ക്കോയ്മയുടെ അപകടം കണ്ട് ദ്രാവിഡപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ച് രംഗത്തെത്തിയ തലമുറയിലെ അവസാന കണ്ണി. സംസാരഭാഷ സംസ്ഥാനങ്ങള്‍ക്ക് അതിരാകുന്നതിനും വളരെമുമ്പേ ചെന്തമിഴിന്റെ മൊഴിക്കണ്ണികള്‍ കൊണ്ട് പരകോടി ജനങ്ങളെ ചേര്‍ത്തുകെട്ടി കരുണാനിധിയും കൂട്ടരും.

ഹിന്ദി വിരുദ്ധ പ്രക്ഷോഭവും കല്ലക്കുടി സമരവും മുക്കാല്‍ നൂറ്റാണ്ടായി മുഴങ്ങുന്ന മുരശൊലിയും കലൈഞ്ജറുടെ രാഷ്ട്രീയ ആയുധങ്ങള്‍ മാത്രമായിരുന്നില്ല. അതിലെല്ലാം തമിഴ് സംസ്ക്കാരത്തിന്റെ സംരക്ഷണമെന്ന ആന്തരാര്‍ഥവും സമര്‍ഥമായി വിളക്കിച്ചേര്‍ത്തിരുന്നു. പെരിയാറിന്റെ ദ്രാവിഡ കഴകം  1949 ല്‍ ദ്രാവിഡ മുന്നേറ്റകഴകമായി രൂപാന്തരപ്പെട്ടപ്പോള്‍ മുതല്‍ കരുണാനിധിയുടെ രാഷ്ട്രീയ മുന്നേറ്റവും കണ്ടു. നിരക്ഷരരായ ജനസാമാന്യത്തിലേക്ക് തന്റെ രാഷ്ട്രീയവുമായി പലമാര്‍ഗങ്ങളിലൂടെ ഇറങ്ങിച്ചെല്ലാന്‍, സ്വീകാര്യത നേടിയെടുക്കാന്‍ കഴിടത്തായിരുന്നു ആദ്യജയം. തണലൊരുക്കിയ അണ്ണാദുരൈ കടന്നുപോയപ്പോള്‍, യോഗങ്ങളില്‍ ആളെക്കൂട്ടിയ സ്നേഹിതന്‍ എം.ജി.രാമചന്ദ്രന്‍ പാര്‍ട്ടിപിളര്‍ത്തി വിട്ടുപോയപ്പോള്‍ വാടിയില്ല കരുണാനിധി.

1957 ല്‍ കൂലിത്തലമുതല്‍ 2016 ല്‍ തിരുവാരൂരിലെ രണ്ടാമങ്കം വരെ  13 തവണ, ജനപിന്തുണ തേടിയപ്പോഴെല്ലാം നിയമസഭയില്‍ ഇരിപ്പിടമുണ്ടായി. എം.ജി.ആര്‍ പ്രഭാവത്തില്‍ പാര്‍ട്ടി ഒലിച്ചുപോയപ്പോള്‍പ്പോലും കരുണാനിധിമാത്രം നിയമസഭയിലെത്തി. പില്‍ക്കാലത്ത് വൈരരാഷ്ട്രീയം അറസ്റ്റായും അഭിമാനപദ്ധതികളുടെ അകാലചരമമായും വേട്ടയാടിയിട്ടും ഒരങ്കത്തിനുള്ള ബാല്യം അണയാതെ കാത്തു.

പ്രതാപകാലത്തിന്റെ തലയെടുപ്പില്ലായിരുന്നെങ്കിലും ജനവിധിയുടെ ചിറകിലേറി രാജ്യാധികാരത്തിന്റെ ഇടനാഴിയില്‍ അണച്ചുനിന്ന കോണ്‍ഗ്രസിന് പിന്തുണനല്‍കി യു.പി.എ എന്ന രാഷ്ട്രീയ സംവിധാനത്തിന് രൂപംനല്‍കിയവരിലെ മുന്‍നിരക്കാരനായി. അതേ യു.പി.എ സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ ടു.ജി സ്പെക്ട്രം അഴിമതിയായെത്തിയ ദുര്‍ദശാകാലം രാഷ്ട്രീയമായും വ്യക്തിപരമായും ഈ വയോധികനെ തളര്‍ത്തി.

മക്കള്‍ക്കിടയിലെ മൂപ്പിളമത്തര്‍ക്കം പാര്‍ട്ടിയുടെ ചെങ്കോലധികാരത്തിലേക്കും വളര്‍ന്നപ്പോള്‍ കഴിവും കാര്യശേഷിയും മാറ്റുരച്ചുനോക്കിയ ന്യായാധിപനായി . ഇപ്പോള്‍ തമിഴകം ഒരു രാഷ്ട്രീയ ദശാസന്ധിയിലെത്തിനില്‍ക്കെയാണ് കരുണാനിധിയുടെ മടക്കം.

സ്വന്തം പാര്‍ട്ടിയുടെ അസ്ഥിത്വം പലവഴിയില്‍ വെട്ടിമുറിക്കപ്പെട്ട ജലയളിതയുടെ വിയോഗംപോലെയല്ലെ ഇതെങ്കിലും ഒരു ദശാസന്ധി ഡി.എം.കെയില്‍ അവശേഷിപ്പിച്ചാണ് കരുണാനിധിയും കളമൊഴിയുന്നത്. വിശേഷിച്ചും ഒരു തീരുമാനമെടുക്കേണ്ടിവരുന്ന ഘട്ടത്തില്‍. അവിടെ ഡി.എം.കെയ്ക്കു മുന്നിലുണ്ടാവുക കരുണാനിധി അവശേഷിപ്പിച്ച ശൂന്യതയല്ല, മറിച്ച് ഇരുട്ടുതന്നെയാകും.