'തിന്മയുടെ ആള്‍രൂപം';3 വര്‍ഷംകൊണ്ട് കൊന്നത് 17 പേരെ; നഴ്സിന് 700 വര്‍ഷം തടവ്

രോഗികള്‍ക്ക് അളവില്‍ കൂടുതല്‍ ഇന്‍സുലിന്‍ കൊടുത്ത് കൊലപെടുത്തിയതിന് നഴ്സിന് 700 വര്‍ഷം തടവ്. മൂന്ന് വര്‍ഷത്തോളം കൊലപാതകങ്ങള്‍ നടത്തിയ ഇവര്‍ക്കെതിരെ ഇന്നാണ് വിധി പറഞ്ഞത്. ഹഥര്‍ പ്രസ്ഡീ എന്ന പെന്‍സില്‍വാനിയ സ്വദേശിയാണ് പ്രതിയായ നഴ്സ്. പതിനേഴോളം പേരെ അവര്‍ കൊലപ്പെടുത്തി.  കൊലപാതകം നടന്നത് 2020നും 2023നും ഇടയിലാണ്.

മൂന്ന് പേരുടെ കൊലപാതകത്തിനും 19 പേരെ കൊല്ലാന്‍ ശ്രമിച്ചുവെന്നതിനുമാണ് നിലവില്‍ ശിക്ഷാവിധി പുറത്തുവന്നിരിക്കുന്നത്.

22 പേര്‍ക്ക് അളവില്‍ കൂടുതല്‍ ഇന്‍സുലിന്‍ നല്‍കിയതിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. അവരില്‍ പലര്‍ക്കും പ്രമേഹരോഗമില്ലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധികം ജോലിക്കാര്‍ ഇല്ലാതിരുന്ന രാത്രി ഷിഫ്റ്റുകളിലായിരുന്നു ഹീഥര്‍ കുറ്റകൃത്യം നടത്തിയത്. കൂടിയ ഡോസ് ലഭിച്ചപ്പോള്‍ തന്നെ പലരും മരിച്ചു. 43നും 104നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്.

കൂടുതല്‍ അളവ് ഇന്‍സുലിന്‍ ശരീരത്തില്‍ എത്തിച്ചേരുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയും ഹൃദയാഘാതം വരെ സംഭവിക്കുകയും ചെയ്തേക്കാം. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പ്രതിക്കെതിരെ ആദ്യമായി കൊലപാതക കുറ്റം ആരോപിക്കപ്പെടുന്നതും തെളിയിക്കപ്പെടുന്നതും. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബാക്കി മരണങ്ങളുടെ ചുരുളഴിയുന്നത്. 

ഹീഥറിന് തന്‍റെ അടുക്കല്‍ വരുന്ന രോഗികളെ ഇഷ്ടമില്ലായിരുന്നെന്നും അവര്‍ക്കെതിരെ അസഭ്യമായ ഭാഷ ഉപയോഗിച്ച് സംസാരിച്ചിരുന്നെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആരോപിച്ചിരുന്നു. അതേസമയം തന്‍റെ അമ്മയ്ക്ക് ഹീഥര്‍ അയച്ച കത്തുകളും കണ്ടെടുത്തു. അതില്‍ താന്‍ അസ്വസ്ഥയാണെന്നും, രോഗികളും , സഹപ്രവര്‍ത്തകരും പുറത്ത് വെച്ച് കാണുന്നവര്‍ പോലും തന്നെ അരോചകപ്പെടുത്തുന്നുവെന്നുമായിരുന്നു സന്ദേശം.

കോടതിയില്‍ ഹീഥര്‍ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റമൊന്നും തിരുത്തിപ്പറഞ്ഞില്ല. താന്‍ കുറ്റക്കാരിയാണെന്ന് അവര്‍ സമ്മതിച്ചു. ഹീഥറിന് മറ്റ് അസുഖങ്ങളോ മാനസിക അസ്വസ്ഥതകളോ ഇല്ലെന്നും അവര്‍ തിന്മയുടെ ആള്‍രൂപമാണെന്നും കൊല്ലപ്പെട്ട ഒരാളുടെ ബന്ധു പ്രതികരിച്ചു