ഇറാന് തിരിച്ചടി നല്‍കുന്നതില്‍ ഇസ്രയേലിന് അമേരിക്കൻ പിന്തുണയില്ല: നിലപാട് വ്യക്തമാക്കി ജോ ബൈഡന്‍

ഇറാന് തിരിച്ചടി നല്‍കുന്നതില്‍ ഇസ്രയേലിനെ പിന്തുണയ്ക്കാതെ അമേരിക്ക. ഇസ്രയേല്‍ പ്രതികാരനടപടിയിലേക്ക് നീങ്ങിയാല്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അറിയിച്ചു.  തിരിച്ചടിക്കണമെന്ന് ഇസ്രയേല്‍ യുദ്ധകാല മന്ത്രിസഭയില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും തീരുമാനമെടുത്തില്ല. അതിനിടെ സ്ഥിതി ശാന്തമാക്കാന്‍ സൗദി അടക്കം  രാജ്യങ്ങള്‍ ശ്രമം തുടങ്ങി. 

മിസൈലുകളും ഡ്രോണുകളും തൊടുത്ത് ഇറാന്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ ഉടന്‍ തിരിച്ചടിച്ചേക്കില്ല. അമേരിക്ക അടക്കം സഖ്യകക്ഷികള്‍ തിരിച്ചടിക്ക് ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല. ഇറാനെപ്പോലെ വലിയൊരു രാജ്യത്തോട് യുദ്ധമുഖം തുറന്ന് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തുറന്നുവിടുന്നത് അതീവഗുരുതരസ്ഥിതി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പാശ്ചാത്യ രാജ്യങ്ങള്‍.  അമേരിക്കയിലെയും ബ്രിട്ടനിലെയും ആഭ്യന്തര സ്ഥിതിയും  ഈ വിലയിരുത്തലിന് കാരണമാകുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ തിരിച്ചടിക്ക് ഇസ്രയേല്‍ മുതിര്‍ന്നാല്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.  ഇസ്രയേലിന് പ്രതിരോധത്തിനുള്ള ഏത് നടപടിക്കും പിന്തുണ ഉണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭയില്‍ ഇറാന് തിരിച്ചടി നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും എപ്പോള്‍, എങ്ങനെ നല്‍കണമെന്നതില്‍ തീരുമാനമെടുക്കാനായില്ല. വിഷയത്തില്‍ യു.എന്‍ രക്ഷാസമിതി വിഷയം ചര്‍ച്ച ചെയ്തു. സംയമനത്തിന്  രക്ഷാസമിതിയില്‍ റഷ്യയും ചൈനയും ആഹ്രാനം ചെയ്തു. മധ്യപൂര്‍വദേശം വലിയൊരു യുദ്ധത്തിന്‍റെ വക്കിലെന്നും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടരുതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ് ആവശ്യപ്പട്ടു

 ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കുന്നെന്നും, എന്നാല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സമയമല്ലിതെന്നും ജി സെവന്‍ രാജ്യങ്ങള്‍ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട സൗദി ഇറാന്‍, ഖത്തര്‍ വിദേശകാര്യമന്ത്രിമാരുമായും സ്ഥിതി ചര്‍ച്ച ചെയ്തു. അതേസമയം ഇസ്രയേലും ഇറാനും അതീവജാഗ്രതയില്‍ തുടരുകയാണ്. ഇറാനില്‍ ടെഹ്‌റാനിലെ ഉള്‍പ്പെടെ വിമാനത്താവളങ്ങളില്‍  നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

US will not take part in any Israeli retaliatory action against Iran