ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണത്തില്‍ ആശങ്കയോടെ ലോകം

iran-israel
SHARE

ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണത്തില്‍ ആശങ്കയോടെ ലോകം. ഇന്ന് പുലര്‍ച്ചയാണ് ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും ഇസ്രയേലിലേക്ക് തൊടുത്തത്. ആക്രമണം ചെറുത്തെന്നും കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലോ സഖ്യകക്ഷികളോ തിരിച്ചടിച്ചാല്‍ വീണ്ടും ആക്രമിക്കുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. 

സിറിയയിലെ നയതന്ത്ര കാര്യാലയത്തില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിനെതിരെയാണ് ഇറാന്‍റെ പ്രത്യാക്രമണം. ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍, ഇറാന്റെ മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി വ്യക്തമാക്കി.  പത്ത് വയസുകാരന് പരുക്കേറ്റതായും ഒരു സൈനികത്താവളത്തിന് ചെറിയ കേടുപാടുകള്‍ പറ്റിയതായും  ഇസ്രയേല്‍ സേന അറിയിച്ചു.  

അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡനുമായി സംസാരിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഏത് ആക്രമണത്തെയും നേരിടാന്‍ സജ്ജമാണെന്ന് വ്യക്തമാക്കി. ആക്രമണം അവസാനിപ്പിക്കണമെന്നും ഇസ്രയേലിനൊപ്പമാണെന്നും ബൈഡന്‍ ആവര്‍ത്തിച്ചു. പ്രതിരോധത്തിന്‍റെ ഭാഗമായി പരിമിത ആക്രമണമാണ് നടത്തിയതെന്നും തിരിച്ചടിച്ചാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അമേരിക്കയെ അറിയിച്ചെന്നും ഇറാന്‍ വിദേശകാര്യമന്ത്രി  പറഞ്ഞു. ഇസ്രയേലിനും അമേരിക്കയ്ക്കും പിന്തുണ നല്‍കുന്ന രാജ്യങ്ങളേയും ആക്രമിക്കുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. ജോര്‍ദാനും ഇറാഖും ലെബനോനും വ്യോമമേഖല അടച്ചു.   ഇറാന്‍റെ ആക്രമണത്തെ അപലപിച്ച്  ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍  യൂണിയനും രംഗത്തെത്തി. ഇറാന്‍ നടപടിയെ അപലപിച്ചതിന്  ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീരാജ്യങ്ങളെ ഇറാന്‍ പ്രതിഷേധമറിയിച്ചു. ടെഹ്റാനിലെ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തി.

world-is-worried-about-irans-attack-on-israel

MORE IN WORLD
SHOW MORE