ഒരാഴ്ച കുഞ്ഞിനെ വീട്ടില്‍ പൂട്ടിയിട്ടു; അമ്മയുടെ അവധിയാഘോഷം; കുഞ്ഞ് മരിച്ചു; ക്രൂരം

പതിനാറ് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ പൂട്ടിയിട്ട് അമ്മയുടെ അവധിയാഘോഷം. ഒരാഴ്ചത്തോളം വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ കുഞ്ഞ് മരണപ്പെട്ടു. മുപ്പത്തിരണ്ടുകാരിയായ ക്രിസ്റ്റല്‍ കാന്‍ഡലേരിയോ എന്ന സ്ത്രീയാണ് തന്‍റെ മകളെ വീട്ടില്‍ പൂട്ടിയിട്ട് പോയത്. വിശപ്പും നിര്‍ജലീകരണവുമാണ് കുഞ്ഞിന്‍റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 16ന് വന്ന ഒരു ഫോണ്‍കോളും പിന്നീട് നടന്ന സംഭവങ്ങളുമാണ് കുഞ്ഞിന്‍റെ മരണത്തെക്കുറിച്ച് പുറംലോകം അറിയാന്‍ കാരണമാതെന്ന് പൊലീസ് വ്യക്തമാക്കി. ക്രിസ്റ്റല്‍ കാന്‍ഡലേരിയോ എന്ന സ്തത്രീ തന്‍റെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയാണ് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നു പറഞ്ഞ് പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ സംഭവത്തിലെ അസ്വഭാവികത മനസ്സിലാക്കുകയും പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയുമായിരുന്നു.

അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. ഡിട്രോയ്റ്റ്, പുര്‍ട്ടോ റികോ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനാണ് കുഞ്ഞിനെ അമ്മ തനിച്ചാക്കി പോയത്. ഒരാഴ്ചയ്ക്കു ശേഷം മടങ്ങിവന്നപ്പോള്‍ കുഞ്ഞ് മരിച്ച അവസ്ഥയിലായിരുന്നു. കുഞ്ഞുങ്ങളെ കളിക്കാനായി ഇരുത്തുന്ന, ബാസ്ക്കറ്റ് പോലെയുള്ള പാക്ക് ആന്‍റ് പ്ലെ പെന്‍ (Pack-N-Play pen) മുഴുവന്‍ കുഞ്ഞിന്‍റെ മലമൂത്രത്താന്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുഞ്ഞിന്‍റെ ശരീരത്തില്‍ മുറിവേറ്റ പാടുകളൊന്നും തന്നെയില്ലായിരുന്നുവെന്നും ഏകദേശം 10 ദിവസങ്ങളോളം കുഞ്ഞിനെ ആരും നോക്കാനില്ലായിരുന്നുവെന്നും പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കടുത്ത വിശപ്പും നിര്‍ജലീകരണവുമാണ് കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചത്. 

ചിന്തിക്കാവുന്നതിലും അപ്പുറമാണ് നടന്ന ക്രൂരതയെന്നാണ് കോടതിയില്‍ കേസ് വാദിക്കവെ അഭിഭാഷകന്‍ പറഞ്ഞത്. നിലവില്‍ പ്രതിയായ കുഞ്ഞിന്‍റെ അമ്മ ജയിലിലാണ്. മാര്‍ച്ച് 18നാണ് കേസില്‍ വിധി പറയുക.

Mother left 16-month-old daughter in her home alone for over a week, which resulted in the child's death.