പന്നിയിറച്ചി കഴിക്കും മുന്‍പ് ഇസ്‌ലാമിക പ്രാര്‍ത്ഥന; ടിക്ടോക് താരത്തിന് 2 വര്‍ഷം തടവ്

പന്നിയിറച്ചി രുചിച്ചു നോക്കുംമുന്‍പ് ഇസ്‌ലാമിക പ്രാര്‍ത്ഥന ചൊല്ലുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ടിക്ടോക് താരത്തിനു രണ്ടു വര്‍ഷം ജയില്‍ശിക്ഷ. ഇന്തോനേഷ്യയിലാണ് സംഭവം. രാജ്യത്തെ മതനിന്ദാ നിയമപ്രകാരമാണ് ടിക്ടോക് താരത്തിനെതിരെ കേസെടുത്ത് ശിക്ഷിച്ചത്. 

ലിനാ ലുത്ഫിയാവതി എന്ന ഇസ്‌ലാം മതത്തില്‍പ്പെട്ട യുവതിക്കാണ് ശിക്ഷ ലഭിച്ചത്. ബാലി സന്ദര്‍ശനവേളയിലാണ് കേസിനാസ്പദമായ വിഡിയോ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സുമാത്രയിലെ പാലെംബാങ് ജില്ലാ കോടതിയുടേതാണ് ശിക്ഷാവിധി. 

രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ഹനിക്കുന്ന തരത്തിലുള്ള പ്രവ‍‍ൃത്തിയാണ് താരത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. രണ്ടു വര്‍ഷത്തെ തടവിനു പുറമേ 13,46,929ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാതിരുന്നാല്‍ മൂന്നു മാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 

സോഷ്യല്‍മീഡിയയില്‍ ലിന മുഖര്‍ജി എന്നറിയപ്പെടുന്ന താരം ഏറെ ഞെട്ടലോടെയാണ് കോടതിവിധി കേട്ടത്. താന്‍ തെറ്റുകാരിയാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്ന് താരം പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമാണ് ഇന്തോനേഷ്യ.