അഗ്നിപര്‍വതത്തിന് മുകളില്‍ നിന്ന് ഫോട്ടോ; കാല്‍വഴുതി അകത്തേക്ക്; യുവതിക്ക് ദാരുണാന്ത്യം

ijan
Representative image.
SHARE

ഇന്തോനേഷ്യയിലെ അറിയപ്പെട്ട അഗ്നിപര്‍വതങ്ങളിലൊന്നായ ഇജനില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. അഗ്നിപര്‍വതത്തിനു സമീപം നിന്ന് ഫോട്ടോയെടുക്കുമ്പോള്‍ യുവതി കാല്‍വഴുതി അകത്തേക്ക് വീഴുകയായിരുന്നു. ചൈനക്കാരിയായ ഹുവാങ് ലിഹോങ് എന്ന മുപ്പത്തിയൊന്നുകാരിയാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭര്‍ത്താവിനൊപ്പമായിരുന്നു ഹുവാങ് പര്‍വത മുകളിലെത്തിയത്. ഒരു ടൂറിസ്റ്റ് ഗൈഡിനൊപ്പം അതിരാവിലെ സൂര്യോദയം കാണാനായി എത്തിയതായിരുന്നു ഇരുവരും. അതിനിടയിലാണ് ദാരുണ സംഭവം നടന്നത്.

75 അടിയോളം മുകളില്‍ നിന്നാണ് യുവതി വീണതെന്ന് അധികൃതര്‍ വ്യക്തമാക്കി. അഗ്നിപര്‍വതത്തിന്‍റെ ഏറ്റവും അഗ്രഭാഗത്തേക്ക് പോകരുതെന്ന മുന്നറിയിപ്പ് ഹുവാങിന് നല്‍കിയതാണെന്നും എന്നാല്‍ അവരത് മുഖവിലയ്ക്കെടുത്തില്ലെന്നുമാണ് ഗൈഡ് പറയുന്നത്. ഫോട്ടോയെടുക്കാനായി അവര്‍ അങ്ങോട്ടേക്ക് തന്നെ നീങ്ങിനിന്നു. പുറകോട്ട് നടന്ന് ചിത്രങ്ങള്‍ എടുക്കുന്നതിനിടെ നീളന്‍ വസ്ത്രത്തില്‍ കാലുടക്കി അഗ്നിപര്‍വതത്തിലേക്ക് വീഴുകയായിരുന്നുവെന്നും ഗൈഡ് വ്യക്തമാക്കി. രണ്ടു മണിക്കൂര്‍ നടത്തിയ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ രക്ഷാസേന ഹുവാങിനെ പുറത്തെടുത്തു. പക്ഷേ വീഴ്ചയുടെ ആഘാതത്തില്‍ ഹുവാങിന് മാരകമായി പരുക്കേറ്റിരുന്നു.

നീലവെളിച്ചം (Blue Fire) പ്രതിഭാസം മൂലം ശ്രദ്ധയാകര്‍ഷിച്ചയിടമാണ് ഇജന്‍ അഗ്നിപര്‍വതം. അഗ്നിപര്‍വതത്തിനുള്ളില്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് പോലുള്ളവയുടെ പ്രവര്‍ത്തനഫലമായാണ് ഈ നീലവെളിച്ചം ദൃശ്യമാകുന്നത്. 2018ല്‍ ഇജന്‍ അഗ്നിപര്‍വതം പൊട്ടിയൊലിച്ച് നിരവധി നാശനഷ്ടങ്ങളുണ്ടായിരുന്നു. സമീപപ്രദേശത്ത് താമസിച്ചിരുന്നവര്‍ ഇതില്‍ നിന്ന് പുറന്തള്ളപ്പെട്ട വായു ശ്വസിച്ച് ആശുപത്രിയിലായി. ഇപ്പോഴും ചെറിയ അളവില്‍ ഇത് അന്തരീക്ഷത്തിലേക്കെത്തും. എങ്കിലും പ്രദേശം സഞ്ചാരികള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. ഏതാണ്ട് 130 ഓളം ആക്ടിവ് അഗ്നിപര്‍വതങ്ങളുള്ള നാടുകൂടിയാണ് ഇന്തോനേഷ്യ.

Chinese woman died after falling off the edge of a crater while posing for a photo.

MORE IN WORLD
SHOW MORE