മോഷണത്തിന്റെ ആസൂത്രണം ഉത്തരാഖണ്ഡില്‍; പൂട്ടിക്കിടക്കുന്ന വീടുകള്‍ നോട്ടമിടും

അജ്മേറില്‍ നിന്ന് പിടിയിലായ സ്വര്‍ണ മോഷണ സംഘത്തെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് ന‌ടത്തി. ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെയാണ് കേരളത്തിലെത്തിച്ചത്. ഉത്തരാഖണ്ഡിലാണ് മോഷണത്തിന്‍റെ ആസൂത്രണം നടന്നത്. 

2018ല്‍ കേരളത്തില്‍ ജോലിക്കെത്തിയ ഡാനിഷ് തിരികെ ഉത്തരാഖണ്ഡിലെത്തിയാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് നാട്ടിലെത്തിയ ഡാനിഷ് സുഹൃത്ത് സജാദിനെ ധരിപ്പിച്ചു. പിന്നീട് ബിഹാല്‍ നിന്ന് തോക്ക് വാങ്ങിയ ശേഷം പ്രതികള്‍ ഡല്‍ഹിയില്‍ നിന്ന് ആലുവയിലേക്ക് ട്രെയിന്‍ കയറി. ആളില്ലാത്ത പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടെത്തിയ ശേഷം രാത്രിയില്‍ മോഷണം നടത്തി. ഇതിനിടയില്‍ ബൈക്കും സംഘം മോഷ്ടിച്ചു. 

പിന്നീട് മധ്യപ്രദേശിലും രാജസ്ഥാനിലും ഇവര്‍ മോഷണ ശ്രമങ്ങള്‍ നടത്തിയിരുന്നു. അജ്മീറില്‍ കേരള പൊലീസിന് നേരെ വെടിയുതിര്‍ത്താണ് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചത്. അജ്മീറില്‍ റിമാന്‍ഡ് ചെയ്ത സംഘത്തെ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിച്ചത്. മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങള്‍, മോഷണ ബൈക്ക് ഉപേക്ഷിച്ച ഇടം, തുടങ്ങി രക്ഷപ്പെട്ടത് ഉള്‍പ്പടെ തെളിവെടുപ്പില്‍ പ്രതികൾ വിവരിച്ചു.   ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഇതര സംസ്ഥാനക്കാരായ മോഷണ സംഘത്തെ തെളിവെടുപ്പിന് എത്തിച്ചത്. 

Aluva robbery case probe going on