മോഷ്ടിച്ചതിന്റെ വിഹിതം നാട്ടില്‍ ജനകീയ ആവശ്യങ്ങള്‍ക്ക്; മുഹമ്മദ് ഇര്‍ഫാന്റെ മൊഴി

താന്‍ മോഷ്ടിക്കുന്ന പണത്തിന്റെയും ആഭരണങ്ങളുടേയും ഒരു വിഹിതം സ്വന്തം നാട്ടില്‍ ജനകീയ ആവശ്യങ്ങള്‍ക്ക് നല്‍കുമെന്ന് മുഹമ്മദ് ഇര്‍ഫാന്റെ മൊഴി.  ആറു സംസ്ഥാനങ്ങളിലായി 19 മോഷണ കേസുകളാണ് ഇര്‍ഫാന്റെ പേരിലുള്ളത്.  ബീഹാറിലെ സീതാമഡി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവാണ് പിടിയിലായ മുഹമ്മദ് ഇർഫാൻ. തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയതും ഇയാൾ തന്നെ. പ്രതി മോഷ്ടിച്ച മുഴുവൻ ആഭരണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇര്‍ഫാന്റെ മോഷണങ്ങളെല്ലാം ആഢംബര ജനവാസ മേഖലകൾ കേന്ദ്രീകരിച്ചാണ് . ബീഹാർ റോബിൻഹുഡെന്നാണ് വിളിപ്പേര്.  ഈ മാസം 20ന് ഉച്ചയ്ക്കു ശേഷമാണ് മുഹമ്മദ് ഇർഫാൻ കൊച്ചിയിലെത്തിയത്. ആദ്യം മൂന്നു വീടുകളിൽ മോഷണശ്രമം നടത്തി പരാജയപ്പെട്ടു. തുടർന്നാണ് സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയത്. ഒരു മണിക്കൂറിൽ അധികം ജോഷിയുടെ വീട്ടിൽ തങ്ങിയ പ്രതി 1.2 കോടി രൂപയുടെ സ്വർണ -വജ്രാഭരണങ്ങളാണ് കവർന്നത്. 

പ്രതി വന്ന വെള്ള കാർ ഉച്ചയ്ക്ക് രണ്ടിന് പോലീസ് തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി കാസർകോട് തലപ്പാടി അതിർത്തി കഴിഞ്ഞിരുന്നു. തുടർന്ന് കർണാടക പൊലീസിന്റെ സഹായത്തോടെയാണ് ഉടുപ്പിയിൽ നിന്ന് പിടികൂടിയത്. 2021 ൽ തിരുവനന്തപുരം കവടിയാറിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയതും ഇതേ പ്രതിയാണ്. അന്ന് ഗോവ പോലീസ് മറ്റൊരു കേസിൽ ഇയാളെ പിടിച്ചെങ്കിലും കേരള പോലീസ് എത്തുന്നതിനു മുൻപ് ഇയാൾ ജാമ്യത്തിൽ ഇറങ്ങി മുങ്ങി. കൊച്ചി സിറ്റി പൊലീസിൻ്റെയും സൈബർ വിഭാഗത്തിൻ്റെയും കൂട്ടായ പരിശ്രമമാണ് ഫലപ്രാപ്തിയിലെത്തിയത്. 

Panambilly Nagar theft case, Muhammed Irshad under police custody

Enter AMP Embedded Script
MORE IN KERALA