വിവാഹ അഭ്യര്‍ഥന നിരസിച്ചു: വീടുകയറി അഞ്ചുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതി റിമാന്‍ഡില്‍

ആലപ്പുഴ ചെന്നിത്തലയില്‍ വീടുകയറി അഞ്ചുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി രഞ്ജിത്ത് രാജേന്ദ്രന്‍ റിമാന്‍ഡില്‍. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ പിതാവും മകളും അടക്കം അഞ്ചുപേരും ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതിയെ വിശദമായ തെളിവെടുപ്പിനായി പൊലീസ് വീണ്ടും  കസ്റ്റഡിയില്‍ വാങ്ങും.  

വെള്ളിയാഴ്ച രാത്രിയിലാണ് കാരാഴ്മ സ്വദേശിയായ വാസു എന്ന രഞ്ജിത്ത് രാജേന്ദ്രന്‍ കാരാഴ്മ സ്വദേശിയായ റാഷുദീന്‍റെ വീടുകയറി ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ചോദ്യം ചെയ്യലിലാണ് വിവാഹഅഭ്യാര്‍ഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയെന്ന് പ്രതി സമ്മതിച്ചത്. റാഷുദീന്‍റെ മകള്‍ സജിനയെ കൊലപ്പെടുത്തുക എന്ന ഉദ്യേശ്യത്തോടെയാണ് പ്രതി എത്തിയതെന്നും പൊലീസ് പറഞ്ഞു. 

വെട്ടുകത്തിയുമായി സജിനയുടെ വിട്ടിലേക്ക് എത്തിയ രഞ്ജിത്ത് വീട്ടുമുറ്റത്തുനിന്ന് സജിനയെ വെട്ടി. നിലവിളി കേട്ടെത്തിയ സജിനയുടെ സഹോദരനേയും പ്രതി ആക്രമിച്ചു. പിന്നാലെ ഓടിയെത്തിയ സജിനയുടെ പിതാവ് റാഷുദീനേയും ബന്ധു ബിനുവിനേയും പ്രതി ആക്രമിച്ചു. ഇരുവരും ചേര്‍ന്ന് പ്രതിയുടെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചുവാങ്ങിയെങ്കിലും കയ്യില്‍ കരുതിയ പേപ്പര്‍ കട്ടര്‍ ഉഫയോഗിച്ചായിരുന്നു പിന്നീടുള്ള ആക്രമണം. 

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ വിവരം അറിയിച്ചത്. പ്രതിയെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റസമ്മതം നടത്തിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി ആക്രമണം നടത്തിയ ആയുധങ്ങള്‍ കണ്ടെടുത്തു. മജിസ്ട്രേറ്റില്‍ വസതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തില്‍ സജിനയുടെ കയ്യുടെ ഞെരമ്പിന്  മുറിവേറ്റിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞതോടെ സജിന അപകടനില തരണം ചെയ്തതാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. റാഷുദീനും സജിനയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മറ്റുള്ളവര്‍ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന സജിനയുടെ ഭര്‍ത്താവ് മരിച്ച ശേഷമാണ് വിവാഹഅഭ്യര്‍ഥനയുമായി രഞ്ജിത്ത് സജിനയേയും വീട്ടുകാരേയും സമീപിച്ചത്. അഭ്യര്‍ഥന നിരസിച്ചതോടെ സജിനയോട് പ്രതിക്ക് പക തുടങ്ങി. ഇതിനിടെ അനുവാദമില്ലാതെ സജിനയുടെ ഫോട്ടോ സമൂഹമാധ്യമത്തില്‍ രഞ്ജിത്ത് പോസ്റ്റുചെയ്ത സംഭവത്തില്‍ സജീന സൈബര്‍ സെല്ലിന് പരാതി നല്‍കി..ഈ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രഞ്ജിത്ത് സജീനയെ വീടുകയറി ആക്രമിച്ചത്. 

man attacked five people is in remand