തട്ടിപ്പിനിരയായി ഉസൈന്‍ ബോൾട്ട്; നഷ്ടം ശതകോടികൾ; പാപ്പരായെന്ന് അഭിഭാഷകന്‍

സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് സാമ്പത്തിക തട്ടിപ്പിലൂടെ ശതകോടികൾ നഷ്ടപ്പെട്ടതായി പരാതി. കിങ്സ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡിൽ നിക്ഷേപിച്ച 12 മില്യൺ ഡോളർ തുകയാണ് നഷ്ടമായത്. ബോൾട്ടിന്റെ ആജീവനാന്ത സമ്പാദ്യത്തിന്റെ ഭാഗമായിരുന്നു ഈ അക്കൗണ്ടെന്നും ഇനി വെറും 12000 ഡോളർ മാത്രമാണ് അക്കൗണ്ടിൽ അവശേഷിക്കുന്നതെന്നും ബോൾട്ടിന്റെ അഭിഭാഷകൻ ലിന്റൺ പി ഗോർഡൻ പറഞ്ഞു. നഷ്ടമായ തുക കമ്പനി തിരികെ നൽകിയില്ലെങ്കില്‍ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

അക്കൗണ്ടിലെ തട്ടിപ്പിനെക്കുറിച്ച് ബോൾട്ട് തന്നെയാണ് ആദ്യം തിരിച്ചറിഞ്ഞതെന്നാണ് വിവരം. 2022 ഒക്ടോബർ വരെ അക്കൗണ്ടിൽ പണമുണ്ടായിരുന്നതായും അതിനു ശേഷമാണ് പണം നഷ്ടമായത് എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2012 മുതലാണ് ബോൾട്ട് ഉവിടെ തുക നിക്ഷേപിക്കാൻ തുടങ്ങിയത്. ഒരിക്കൽ പോലും ബോൾട്ട് തുക പിൻവലിച്ചിരുന്നില്ല. 

അതേസമയം കമ്പനിയിലെ ഒരു മുന്‍ജീവനക്കാരനാണ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചതെന്നും ഇയാളുടെ തട്ടിപ്പുകളെക്കുറിച്ച് കമ്പനിക്കു ബോധ്യപ്പെട്ടതായും സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് വ്യക്തമാക്കി. തട്ടിപ്പിനെക്കുറിച്ച് അന്വേഷ്ച്ച് വരികയാണെന്നും വിഷയം ലോ എൻഫോഴ്സ്മെന്റ്  വിഭാഗത്തിന് കൈമാറിയതായും  ആസ്തികൾ സുരക്ഷിതമാക്കുന്നതിനും പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായ ഉസൈൻ ബോൾട്ട് മൂന്നു ഒളിംപിക്സുകളിൽ നിന്നായി എട്ടു സ്വർണം നേടിയിട്ടുണ്ട്. 2017 ലാണ് താരം തന്റെ കരിയറിൽ നിന്നും വിരമിച്ചത്. കരിയറിൽ നിന്നും വിരമിച്ചതിനു ശേഷവും ഏറ്റവും കൂടുതൽ വരുമാനമുളള താരമാണ് ഉസൈൻ ബോൾട്ട്.

Usain Bolt Loses $12 Million In Financial Scam