കാമുകനുമായി ഒന്നിക്കാന്‍ മന്ത്രവാദിയെ സമീപിച്ചു; നഷ്ടമായത് 8 ലക്ഷം

മുന്‍ കാമുകനുമായി ഒന്നിക്കാനും തന്‍റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുമായി ഇന്‍റര്‍നെറ്റ് വഴി മന്ത്രവാദിയെ സമീപിച്ച യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍. എട്ട് ലക്ഷത്തി ഇരുപതിനായിരം രൂപയോളമാണ് മന്ത്രവാദിയുടെ വാക്കുകേട്ട് യുവതി ചെലവഴിച്ചത്. ബെംഗളൂരുവിലാണ് മന്ത്രവാദത്തിന്‍റെ പേരില്‍ വന്‍തട്ടിപ്പ് നടന്നത്. റാഹില്‍ എന്ന 25കാരിയാണ് തട്ടിപ്പിനിരയായത്. 

തനിക്ക് മുന്‍ കാമുകനുമായി ഒന്നിക്കണമെന്ന ആഗ്രഹത്താല്‍ ഇന്‍റര്‍നെറ്റ് വഴി യുവതി മന്ത്രവാദിയെ സമീപിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അഹമ്മദ് എന്ന മന്ത്രവാദിയെയും കൂട്ടാളികളായ അബ്ദുല്‍, ലീയാക്കത്തുളള എന്നിവരേയും യുവതി പരിചയപ്പെട്ടു. റാഹിലിനെതിരെ ആരോ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും അതിനാലാണ് കാമുകനുമായി വീണ്ടും ഒന്നിക്കാന്‍ സാധിക്കാത്തതെന്നും റാഹിലും വീട്ടുകാരും ഇപ്പോള്‍ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഈ മന്ത്രവാദമാണെന്നും മന്ത്രവാദിയും സംഘവും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. മന്ത്രവാദിയുടെ വാക്കുകള്‍ അപ്പാടെ വിശ്വസിച്ച യുവതി പരിഹാരമായി അവര്‍ പറയുന്നതെന്തും ചെയ്യാമെന്ന് സമ്മതിച്ചതായും പൊലീസ് പറയുന്നു. 

യുവതിയുമായി സംസാരിച്ച ശേഷം അഹമ്മദ് അവരോട് കാമുകനുമൊത്തുളള ചിത്രങ്ങള്‍, യുവതിയുടെയും കുടുംബത്തിന്‍റെയും ചിത്രങ്ങള്‍ എന്നിവയെല്ലാം അയച്ചുതരാന്‍ ആവശ്യപ്പെട്ടു. ഒപ്പം പൂജയ്ക്കും മറ്റുമായി 501 രൂപയും ഡിജിറ്റലായി അയച്ചുതരാന്‍ പറഞ്ഞുയ അഹമ്മദ് പറഞ്ഞ പ്രകാരം യുവതി ചിത്രങ്ങളും പൈസയും അയച്ചുകൊടുത്തു. ദിവസങ്ങള്‍ക്ക് ശേഷം കാമുകനുമായി വീണ്ടും ഒന്നിക്കാനും ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ എതിരു നില്‍ക്കാതിരിക്കാനും ഒരു വിശേഷ മന്ത്രവാദപൂജ ചെയ്യണമെന്ന് അഹമ്മദ് യുവതിയോട് പറഞ്ഞു. പൂജയ്ക്കായി രണ്ട് ലക്ഷത്തിനാല്‍പ്പതിനായിരം രൂപയും ആവശ്യപ്പെട്ടു. അഹമ്മദിന്‍റെ നിര്‍ദ്ദേശപ്രകാരം യുവതി പണം നല്‍കി.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒരുലക്ഷത്തിഎഴുപതിനായിരം രൂപയും അഹമ്മദ് യുവതിയില്‍ നിന്നും കൈപ്പറ്റി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവതിക്ക് സംശയമായി. പണം തരില്ലെന്ന് അറിയിച്ചതോടെ അഹമ്മദിന്‍റെയും സംഘത്തിന്‍റേയും ഭാവം മാറി. പിന്നീട് ഇക്കൂട്ടര്‍ ഭീഷണിയുടെ സ്വരത്തിലാണ് യുവതിയോട് സംസാരിച്ചത്. നാല് ലക്ഷത്തിപ്പതിനായിരം രൂപ നല്‍കിയില്ലെങ്കില്‍ തങ്ങളുടെ പക്കലുളള യുവതിയും കാമുകനുമൊത്തുളള ചിത്രങ്ങള്‍ ഇരുവരുടെയും മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് യുവതിയെ സംഘം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. 

അഹമ്മദിന്‍റേയും സംഘത്തിന്‍റേയും ഭീഷണി ഭയന്ന് ആവശ്യപ്പെട്ട തുക നല്‍കി യുവതി ഇക്കൂട്ടരുമായുളള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ മകളുടെ പക്കല്‍ നിന്നും എട്ട് ലക്ഷത്തിഇരുപതിനായിരം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവം അറിഞ്ഞയുടനെ മകളെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തുകയും അഹമ്മദിനും സംഘത്തിനുമെതിരെ പരാതി നല്‍കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അഹമ്മദുമായി സംസാരിച്ചെങ്കിലും പിന്നീട് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാക്കുകയായിരുന്നു.  യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മന്ത്രവാദം ചെയ്​തതെന്നും പണം മുഴുവന്‍ യുവതിക്ക് തിരികെ നല്‍കാമെന്നുമാണ് പൊലീസുമായുളള ഫോണ്‍ സംഭാഷണത്തിനിടെ അഹമ്മദ് പറഞ്ഞത്. എന്നാല്‍ പിന്നീട് അഹമ്മദുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അഹമ്മദിനും കൂട്ടാളികള്‍ക്കുമായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. 

Woman seeks black magician's help to reunite with lover, loses Rs 8 lakhs