അമിത് ഷായുടെ ശബ്ദത്തില്‍ ഫോണ്‍കോള്‍; സീറ്റ് വാഗ്ദാനം; പ്രതി പിടിയില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മുന്‍ എംഎല്‍എയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. രവീന്ദ്ര മൗര്യ എന്നയാളാണ് പണം നല്‍കിയാല്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് അമിത് ഷായുടെ ശബ്ദത്തില്‍ വിളിച്ച് പറഞ്ഞ് മുന്‍ എംഎല്‍എയെ കബളിപ്പിച്ചത്. 

ബര്‍ഖേറ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ കിഷന്‍ലാല്‍ രജ്പുത് എന്നയാളെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. കിഷന്‍ലാലിനെ പ്രതികള്‍ വിളിച്ച നമ്പറിന്റെ പേര് ട്രൂകോളറില്‍ ഗ്രഹ് മന്ത്രാലയ ഡല്‍ഹി, കേന്ദ്ര സര്‍ക്കാര്‍ എന്നാണ് കൊടുത്തിരിക്കുന്നത്. രവീന്ദ്ര മൗര്യ എന്നയാള്‍ക്ക് പുറമെ ഷാഹിദ് എന്നയാളും തട്ടിപ്പില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. 

ഇതിന് മുന്‍പും ഇത്തരത്തില്‍ രാഷ്ട്രിയക്കാരെ കബളിപ്പിച്ച് പണം തട്ടാന്‍ സംഘം ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനെ കുറിച്ച് പൊലീസ് മനസിലാക്കിയതായി തിരിച്ചറിഞ്ഞതോടെ രവീന്ദ്രമൗര്യ സിം കാര്‍ഡ് നശിപ്പിച്ചു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഹരിഷ് എന്നയാളുടെ പേരിലാണ് സിം എന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രവീന്ദ്ര മൗര്യയും ഷാഹിദും ചേര്‍ന്ന് ഭീഷണിപ്പെടുത്തി സിം കാര്‍ഡ് വാങ്ങിച്ചെടുത്തതായി പൊലീസിന് വിവരം ലഭിക്കുന്നത്. 

Poses As Home Minister Amit Shah To Scam