‘പ്രണയം പാടില്ല; ആലിംഗനവും തൊടലും വേണ്ട’; വിചിത്ര ഉത്തരവുമായി യുകെ സ്കൂള്‍

കുട്ടികളെ സുരക്ഷിതരാക്കാനെന്ന ആമുഖത്തോടെ,  വിദ്യാർഥികൾക്കിടയിലുള്ള റൊമാൻസും പരസ്പരമുള്ള സ്പര്‍ശനവും ഒഴിവാക്കാൻ ഉത്തരവിട്ട് യു.കെ യിലെ ഒരു സ്കൂൾ. എസ്സെക്സിലുള്ള ഹൈലാൻഡ് സ്കൂളധികൃതരാണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാർഥികൾ തമ്മിലുള്ള പ്രണയബന്ധങ്ങളും ഏതു തരത്തിലുള്ള പരസ്പര സ്പർശനവും അനുവദിക്കുകയില്ലെന്നും സ്കൂളധികൃതർ വ്യക്തമാക്കി. 

ആലിംഗനം, ഷേക്ക് ഹാൻഡ് നൽകൽ, പരസ്പരമുള്ള അടിപിടി തുടങ്ങിയവയെല്ലാം നിരോധിക്കപ്പെട്ട ശാരീരിക സ്പർശനത്തിൽ ഉൾപ്പെടും. കുട്ടികളെ സുരക്ഷിതരാക്കാനാണ് ഇത്തരമൊരു നീക്കം എന്നാണ് സ്കൂളധികൃതരുടെ അവകാശവാദം. ഇതു വഴി വിദ്യാര്‍ഥികൾക്കിടയില്‍ പരസ്പര ബഹുമാനം കൈവരുമെന്നും ഭാവിയിൽ എല്ലാവരും ആഗ്രഹിക്കുന്ന പ്രഫഷണലുകളായി മാറാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുമെന്നും സ്കൂള്‍ അധികൃതർ അവകാശപ്പെടുന്നു.

‘നിങ്ങളുടെ കുട്ടി മറ്റൊരു കുട്ടിയെ സ്പർശിക്കുകയാണെങ്കിൽ അത് ആ കുട്ടിയുടെ അനുവാദത്തോടെ ആണെങ്കിലും അല്ലെങ്കിലും ശരിഎന്തു വേണമെങ്കിലും സംഭവിക്കാനുള്ള സാധ്യതകളുണ്ട്. ചിലപ്പോൾ കുട്ടികൾക്ക് പരുക്ക് പറ്റിയേക്കാം, ചിലപ്പോൾ സ്പർശിക്കുന്നത് മറ്റു വിദ്യാർഥിയിൽ അലോസരമുണ്ടാക്കിയേക്കാം, അങ്ങനെ എന്തു വേണമെങ്കിലും സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.’

‘വിദ്യാർഥികൾക്കിടയിൽ പോസ്റ്റീവായ സൗഹൃദം ഉണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതു കൊണ്ടു തന്നെ വിദ്യാർഥികൾ തമ്മിലുള്ള പ്രണയബന്ധം ഒരു കാരണവശാലും സ്കൂളിൽ അനുവദിക്കില്ല. നിങ്ങളുടെ അനുവാദത്തോടെ അവർക്ക് സ്കൂളിനു പുറത്ത് പ്രണയ ബന്ധങ്ങളാവാം. എന്നാൽ സ്കൂളിൽ വിദ്യാർഥികൾ പഠനത്തിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയാൻ പാടില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു.

ഈ നടപടിക്കെതിരെ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

British School Bans Romance And Physical Contact To "Keep Children Safe