റേസിങ് ട്രാക്കിലെ വിസ്മയം; പക്ഷെ ഡ്രൈവിങ് ടെസ്റ്റില്‍ തോറ്റു

ബ്രിട്ടനില്‍ നടന്ന ഡ്രൈവിങ് ടെസ്റ്റില്‍ ഒരു പതിനെട്ടുവയസുകാരന്‍ പരാജയപ്പെട്ടതാണ് ഇപ്പോള്‍ വലിയ സംഭവമായിരിക്കുന്നത്. ചരിത്രംകുറിച്ച്  ഫോര്‍മുല വണ്‍ കാര്‍ റെയ്സിങ്ങില്‍ ഫെറാറിക്കായി അരങ്ങേറ്റം കുറിച്ച  പയ്യനാണ് ഡ്രൈവിങ്  ടെസ്റ്റില്‍ തോറ്റുപോയത്. 

റേസിങ് ട്രാക്കിലെ ഇതിഹാസം ലൂയിസ് ഹാമിള്‍ട്ടനെ പോലും വിസ്മയിപ്പിച്ചാണ് ഒലി ബേയര്‍മാന്‍ കഴിഞ്ഞ ആഴ്ച നടന്ന സൗദി അറേബ്യ ഗ്രാന്‍പ്രിയില്‍ ട്രാക്കില്‍ കുതിച്ചുപാഞ്ഞത്. ഫെറാറിയുടെ സ്ഥിരം ഡ്രൈവര്‍ കാര്‍ലോസ് സെയിന്‍സിന് ശസ്ത്രക്രിയ വേണ്ടിവന്നതോടെയാണ് ഫെറാറി അക്കാദമി ഡ്രൈവറായ ഒലി ബെയര്‍മാനെ തേടി അവസരമെത്തുന്നത്. കന്നിയങ്കത്തില്‍ ഏഴാം  സ്ഥാനത്താണ് ഒലി ഫിനിഷ് ചെയ്തത്. എഫ്.വണ്‍ ട്രാക്കില്‍ കുതിച്ചുപായുന്ന പയ്യന് പക്ഷേ ബ്രിട്ടനിലെ ഡ്രൈവിങ് ടെസ്റ്റില്‍ ആദ്യ അവസരത്തില്‍ അടിതെറ്റിയെന്ന് വെളിപ്പെടുത്തിയത് ഡ്രൈവിങ് ഇന്‍സ്ട്രക്റ്ററാണ്. സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തോറ്റകഥ നാട്ടില്‍ പാട്ടായത്.  സ്വന്തം ബിഎംഡബ്യു കാറിലാണ് ഒലി ഡ്രൈവിങ് ടെസ്റ്റിനെത്തിയത്. എന്നാല്‍ ട്രാഫിക് സിഗ്നലില്‍ തെറ്റിച്ചെന്ന പിഴവില്‍ ലൈസന്‍സ് ലഭിച്ചില്ല. ഡ്രൈവിങ് ടെസ്റ്റില്‍ തോറ്റുപോകുന്ന ആദ്യ FI ഡ്രൈവറല്ല ഏതായാലും ഒലി. ബ്രിട്ടീഷ് ഡ്രൈവര്‍മാരായ ജോര്‍ജ് റസലും ലാന്‍ഡോ നോറിസും ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടുണ്ട്. 16ാം വയസില്‍ ബ്രിട്ടനില്‍ പ്രൊവിഷണല്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം.

Driving test failure for f1 star after running light