സ്വന്തമായി കെട്ടിടമില്ല; സ്കൂൾ പ്രവർത്തിക്കുന്നത് ക്ഷേത്ര കെട്ടിടത്തില്‍

കാസർകോട് മയിച്ചയിൽ സ്കൂൾ പ്രവർത്തിക്കുന്നത് ക്ഷേത്രത്തിന്‍റെ കെട്ടിടത്തിൽ. ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചതോടെ ക്ലാസ് മുറി സമീപത്തെ വീട്ടിലേക്ക് മാറ്റി. കാസർകോട് മയിച്ച ഗവ. എൽ.പി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളുമാണ് സ്വന്തമായി കെട്ടിടമില്ലാതെ കഷ്ടപ്പെടുന്നത്. 

അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം രണ്ട് വർഷം മുൻപ് പൊളിച്ചുമാറ്റിയ ശേഷം മയിച്ച വെങ്ങാട്ട് വയൽക്കര ക്ഷേത്രത്തിന്‍റെ ഓ‍ഡിറ്റോറിയത്തിലാണ് സ്കൂളിന്റെ പ്രവർത്തനം. ഭക്ഷണ കമ്മിറ്റി ഓഫീസാണ് സ്റ്റാഫ് റൂം. പൂരോത്സവം തുടങ്ങിയതോടെ മറ്റ് വഴികളില്ലാത്തതിനാൽ പ്രവർത്തനം സമീപത്തെ വീട്ടിലേക്ക് മാറ്റി. കിടപ്പ് മുറികളും നടുമുറ്റവും ക്ലാസ് റൂമുകളായി. കഴിഞ്ഞദിവസമാണ് കെട്ടിടനിർമാണത്തിന് ഭരണാനുമതി ലഭിച്ചത്. കാസർകോട് വികസന പാക്കേജിൽനിന്നാണ് 2.9 കോടി രൂപ അനുവദിച്ചത്.

ക്ഷേത്രത്തിന്റെ സഹായം കൊണ്ടു മാത്രമാണ് കഴിഞ്ഞ 2 വർഷമായി വിദ്യാലയത്തിന്‍റെ പ്രവർത്തനം മുന്നോട്ടുപോയത്. വാടക ഈടാക്കാതെയും വൈദ്യുതി  ബിൽ അടച്ചും ക്ഷേത്ര ഭാരവാഹികൾ പഠനത്തിനു സഹായമൊരുക്കി. വിവാഹമോ ക്ഷേത്രത്തിലെ മറ്റ് ആഘോഷങ്ങളോ നടക്കുന്ന ദിവസങ്ങളിൽ സ്കൂളിന് അവധി നൽകാതെ മറ്റ് വഴിയില്ല. 

Enter AMP Embedded Script