വീടില്ലാത്ത വയോധികയുടെ മുഖത്തേക്ക് വെള്ളം ചീറ്റി: ക്രൂര നടപടിയില്‍ രോഷം

തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിൽ നിന്നും മാറ്റാനായി തെരുവിൽ കഴിയുന്ന വയോധികയുടെ മുഖത്ത് കെട്ടിടയുടമ വെള്ളമൊഴിച്ചു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലാണ് സംഭവം. കോളിയർ ഗ്വിൻ എന്നയാളാണ് വയോധികയുടെ മുഖത്തേക്ക് ഹോസിലൂടെ വെള്ളം ചീറ്റിയത്. പ്രദേശത്ത് 9 ഡിഗ്രി സെൽഷ്യസാണ് താപനില.സംഭവത്തിന്റെ ദൃശ്യങ്ങൾ ക്രൂരമായ പ്രവൃത്തി എന്ന തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സാൻഫ്രാന്‍സിസ്കോയിൽ ആർട്ട് ഗ്യാലറി നടത്തുന്നയാളാണ് ഗ്വിൻ. താൻ വയോധികയുടെ മുഖത്തു വെള്ളം ഒഴിച്ചെന്നു സമ്മതിച്ച ഗ്വിൻ പക്ഷേ സംഭവത്തി‍ൽ മാപ്പു പറയാൻ തയ്യാറായിട്ടില്ല. 

രണ്ടാഴ്ചയായി ആർട് ഗ്യാലറിക്കു മുമ്പിലാണ് വയോധികയുടെ താമസം എന്നാണ് ഗ്വിൻ പറയുന്നത്. നിരവധി തവണ വയോധികയോട് കെട്ടിടത്തിനു മുന്നിൽ നിന്നും മാറാൻ ആവശ്യപ്പെട്ടതാണ്. ഇരുപത്തഞ്ചോളം തവണ പൊലീസിൽ പരാതിപ്പെട്ടതാണ്. അന്നു രാവിലെ അവിടെ നിന്നും മാറാമെന്ന്  വയോധിക സമ്മതിച്ചതാണെന്നും എന്നിട്ടും മാറാത്തതുകൊണ്ടാണ് വെള്ളമൊഴിച്ചതെന്നും ഗ്വിൻ അവകാശപ്പെടുന്നു.

ആർട്ട് ഗ്യാലറിക്കു തൊട്ടടുത്തുളള കഫേ ഉടമയായ എഡ്സൺ ഗാർഷ്യ എന്നയാളാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകർത്തിയത്. പുറത്തു മഴയും ശക്തമായ തണുപ്പുമുണ്ടായിരുന്നു. ഞാൻ ഇവിടെ നിന്നും മാറിക്കോളാമെന്ന് പറഞ്ഞ് വയോധിക അലറിക്കരയുന്നുണ്ടായിരുന്നു– അദ്ദേഹം പറഞ്ഞു.

പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഗ്വിനിനും വയോധികയ്ക്കും താൽപര്യമില്ലാത്തതിനാൽ കൂടുതൽ നിയമ നടപടികളുമായി മുന്നോട്ടു പോയില്ല. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കെട്ടിട ഉടമയ്ക്കെതിരെ കടുത്ത രോഷമാണ് ഉയരുന്നത്.

Man Sprays Water On Homeless Woman To Remove Her