ബ്രിട്ടണ്‍ കൊടുംചൂടിൽ; ലണ്ടനിൽ പലയിടത്തും തീപിടിത്തം; 'ഗുരുതര സാഹചര്യം'

യൂറോപ്പിനൊപ്പം ഉഷ്ണതരംഗത്തിന്റെ പിടിയിലായ ബ്രിട്ടൻ കൊടുംചൂടിൽ റെക്കോർഡിട്ടു. ലണ്ടനിലെ ഹീത്രോയിൽ ഇന്നലെ ഉച്ചയ്ക്ക് 12.50ന് 40.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയാണ് ഉയർന്ന താപനിലയിൽ രാജ്യം ചരിത്രം കുറിച്ചത്. 2019 ൽ ജൂലൈയിൽ കേംബ്രിജിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രിയാണ് മുൻ റെക്കോർഡ്.  താപനില ക്രമാധീതമായി ഉയര്‍ന്നതിന് പിന്നാലെ, ബ്രിട്ടണില്‍ ഡബ്ല്യു.എം.ഓ. റെഡ് വാര്‍ണിങ് പുറപ്പെടുവിച്ചു. താപനില 40 ഡിഗ്രിക്കും മുകളിലേക്ക് ഉയര്‍ന്നതോടെയാണ് യു.എന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്

ലണ്ടൻ നഗരത്തിൽ ഇന്നലെ പലയിടങ്ങളിലും തീപിടിത്തമുണ്ടായതായി മേയർ സാദിഖ് ഖാൻ അറിയിച്ചു. ഗുരുതര സാഹചര്യമാണു നിലവിലെന്നും മേയർ പറഞ്ഞു. വെനിങ്ടൻ, ക്രോയ്ഡൻ, അപ്മിൻസ്റ്റർ, സൗത്ത്ഗേറ്റ്, ഗ്രീൻ ലെയ്ൻസ് എന്നിവിടങ്ങളിൽ വീടുകളിലും പുൽപ്രദേശങ്ങളിലും റസ്റ്ററന്റിലും തീപിടിത്തമുണ്ടായി. പുറത്തും ബാൽക്കണിയിലും ബാർബിക്യൂ ഒഴിവാക്കാനും കുപ്പി, ചില്ലു കഷണങ്ങൾ എന്നിവ പുല്ലിൽ ഉപേക്ഷിക്കാതിരിക്കാനും അധികൃതർ നിർദേശം നൽകി. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചിട്ടുണ്ട്. ട്രെയിനുകൾ പലയിടത്തും റദ്ദാക്കി. താപനില 42 ഡിഗ്രിവരെയാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം പ്രതിഭാസങ്ങൾ ആവർത്തിക്കുമെന്ന് ബ്രിട്ടനിലെ കാലാവസ്ഥ വകുപ്പ് പറയുന്നു. ഉയർന്ന താപനില ഓരോ 3 വർഷം കൂടുമ്പോഴും പതിവായേക്കുമെന്നാണ് മുന്നറിയിപ്പ്. 

പടിഞ്ഞാറൻ യൂറോപ്പിൽ താപനില ഉയരുന്നതിനൊപ്പം കാട്ടുതീയും പടരുന്നു. ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിൽ കാട്ടുതീ മൂലം 30,000 പേർ വീടൊഴിഞ്ഞു. വടക്കുപടിഞ്ഞാറൻ സ്പെയിനിലും വടക്കൻ പോർച്ചുഗലിലും 2 പേർ വീതം മരിച്ചു. ബ്രിട്ടന് പുറമേ, സ്പെയിനിലും ഫ്രാന്‍സിലും താപനില കൂടി. യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്ക് പോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.