മറ്റുള്ളവര്‍ക്ക് വേണ്ടി ക്യൂ നില്‍ക്കും; ഒരു ദിവസം സമ്പാദിക്കുന്നത് 16,000 രൂപ

കടകള്‍, മാളുകള്‍, തീയറ്ററുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം പലപ്പോഴും നമുക്ക് ക്യൂ നില്‍ക്കേണ്ടി വരാറുണ്ട്. ക്യൂ നില്‍ക്കുന്നത്  ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും മടിയുള്ള കാര്യമാണ്. ഇത് ഒഴിവാക്കാന്‍ അത്തരം സ്ഥലങ്ങളില്‍ പോകാത്തവരുമുണ്ട്. മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂവിനെ പറ്റി എടുത്തു പറയേണ്ടതില്ല. മിക്കവാറും എല്ലാ ദിവസവും തന്നെ അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്നവരെ അവിടെ കാണാം. തങ്ങൾക്കാവശ്യമുള്ളത് കിട്ടാന്‍ വേണ്ടി വെയിലത്തും മഴയത്തുമൊക്കെ ക്ഷമയോടെ കാത്തിരിക്കുന്നവര്‍. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ക്യൂ നിന്ന് പണം സമ്പാദിക്കുകയാണ് ലണ്ടന്‍ സ്വദേശിയായ ഫ്രെഡി ബെക്കിറ്റ്.  സമ്പന്നര്‍ക്കും ക്യൂ നില്‍ക്കാന്‍ മടിയുള്ളവര്‍ക്കും വേണ്ടി ക്യൂ നിന്ന് ഒറ്റ ദിവസം കൊണ്ട് ഈ മുപ്പത്തൊന്നുകാരന്‍ നേടുന്നത് 16000 രൂപയാണ്. 

ഒരു മണിക്കൂര്‍ ക്യൂവിൽ കാത്തുനില്‍ക്കുമ്പോള്‍ 20 പൗണ്ട് മുതല്‍  160 പൗണ്ട് വരെ സമ്പാദിക്കാനാകും. ചിലപ്പോള്‍ ഒരു സാധനം കിട്ടാന്‍ മണിക്കൂറുകളോളം കടകള്‍ക്ക് മുന്നില്‍ വരി നിൽക്കേണ്ടി വരും. പകരം നല്ല പ്രതിഫലവും ലഭിക്കും. മണിക്കൂറുകളോളം വരിയിൽ നിൽക്കുന്നത് തനിക്ക് ഒരു പ്രശ്‌നമല്ലെന്നും ഈ ജോലിക്ക് ഏറ്റവും ആവശ്യം ക്ഷമയാണെന്നും ഫ്രെഡി പറയുന്നു.