ഇന്ധനക്ഷാമം രൂക്ഷം; സ്കൂളുകള്‍ അടച്ചു; എല്ലാവര്‍ക്കും വര്‍ക് ഫ്രം ഹോം; ദുരിത‘ലങ്ക’

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി അതികഠിനമായി തന്നെ തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പലതരം നടപടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. പെട്രോള്‍ അടിക്കാന്‍ വരി നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ശ്രീലങ്കയില്‍ ആകെ മൊത്തം 22 മില്യണ്‍ ജനങ്ങളാണ് അധിവസിക്കുന്നത്. ഭക്ഷണത്തിനും, മരുന്നിനും, ഇന്ധനത്തിനുമെല്ലാം പണം കണ്ടെത്താന്‍ ജനം നട്ടം തിരിയുന്ന അവസ്ഥ. ഇന്ധനത്തിനായി പലരും ദിവസങ്ങളോളം വരി നില്‍ക്കുന്നു.

നാല് ദിവസമായി പമ്പിന് മുന്നില്‍ ഞാന്‍ വരി നില്‍ക്കുകയാണ്. നന്നായി ഉറങ്ങുകയോ, ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറായ 67–കാരന്റെ വാക്കുകളാണിത്. ഞങ്ങള്‍ക്ക് പണമില്ല, കുടുംബത്തിന് അന്നം നല്‍കാനാകുന്നില്ല. 5 കിലോ മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകാനുള്ള ഇന്ധനം പോലും ഇല്ല. വരിയില്‍ 24ാമനായി നില്‍ക്കുന്ന ഷെല്‍ട്ടന്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാണിജ്യ തലസ്ഥാനമായ കൊളംബോയിലും പരിസര പ്രദേശങ്ങളിലും ഒരാഴ്ചത്തേക്ക് സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ധനം ലാഭിക്കാനായി  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.